ബെയ്ജിങ്ങ്: അടുത്ത അമ്പത് വര്‍ഷത്തേക്ക് ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് സൗദിയുടെ എണ്ണകമ്പനിയായ അരാംകോ. ഞായാറാഴ്ച നടന്ന ചൈന ഡെവലപ്പ്‌മെന്റ് ഫോറത്തിലാണ് അരാംകോ അടുത്ത അമ്പത് വര്‍ഷത്തേക്ക് ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുമെന്ന് അറിയിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായ സൗദി അറേബ്യ ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ചൈനയിലേക്കാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത്. 1.86 മില്ല്യണ്‍ ബാരല്‍ പെട്രോളിയം ഉത്പന്നം പ്രതിദിനം ചൈനിയിലേക്ക് സൗദി കയറ്റി അയക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് 19 നു ശേഷം എണ്ണകയറ്റുമതിയില്‍ വലിയ കുറവായിരുന്നു നേരിട്ടത്. ഒപെക് രാഷ്ട്രങ്ങള്‍ ഏകോപിതമായി എടുത്ത തീരുമാനത്തിലും കുറവായിരിന്നു കയറ്റി അയച്ച പെട്രോളിയം ഉത്പന്നങ്ങളുടെ അളവ്. ഇത് ആഗോള വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന രാഷ്ട്രം റഷ്യയായിരുന്നു. എന്നാല്‍ 2020ല്‍ സൗദി റഷ്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയച്ചു.
” ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്ക് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാത്രമല്ല, അമ്പത് വര്‍ഷത്തേക്കും അങ്ങനെതന്നെയായിരിക്കും,” എന്നാണ് അരാംകോ സി.ഇ.ഒ പറഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.
ചൈനയുടെ ഊര്‍ജ ആവശ്യങ്ങളില്‍ മുന്‍നിര വിതരണക്കാര്‍ ആവുക എന്നതിലുപരി എനര്‍ജി ട്രാന്‍സിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക എന്നതിനും പ്രഥമ പരിഗണന നല്‍കുമെന്ന് അരാംകോ അറിയിച്ചു.
കൊവിഡിനെ തുടര്‍ന്ന് സൗദിയുടെ അരാംകോയുടെ ലാഭം വലിയ തോതിലാണ് ഇടിഞ്ഞത്. 2020ല്‍ നേര്‍പകുതിയായി ആണ് കമ്പനിയുടെ ലാഭം കുറഞ്ഞത്. 4900 കോടി ഡോളറായി വരുമാനം കുറഞ്ഞതായി ആണ് കമ്പനി പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിസന്ധി ലോകത്തെ ഊര്‍ജ മേഖലയെ ബാധിച്ചതിനാലാണ് വില ഇടിവ്.
1875 കോടി ഡോളര്‍ ആണ് സൗദി അരാംകോയുടെ മൂന്ന് മാസത്തെ ലാഭവിഹിതം്. കമ്പനിയില്‍ ഏകദേശം 98 ശതമാനത്തിലധികം ഉടമസ്ഥതയാണ് സര്‍ക്കാരിനുള്ളത്.