| Monday, 10th August 2020, 11:22 am

റിലയന്‍സിനെ വിടാതെ സൗദി അറേബ്യ; പെട്രോളിയം മേഖലയില്‍ സുപ്രധാന നിക്ഷേപത്തിനൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം റിലയന്‍സിലെ  20 ശതമാനം ഓഹരി 75 ബില്യണ്‍ ഡോളറിന് സ്വന്തമാക്കാന്‍ ആരാംകോ ഒരുങ്ങുന്നുണ്ടെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നു..

റിലയന്‍സില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ആരാംകോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിന്‍ നാസര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി കമ്പനികളിലൊന്നായ ആരാംകോ റിേൈഫനേര്‍സും കെമിക്കല്‍ നിര്‍മാതാക്കളുമായ റിലയന്‍സുമായി കൈകോര്‍ക്കുന്നതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ സാന്നിധ്യമുറപ്പിക്കാനുള്ള സൗദിയുടെ നീക്കമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് ആരാംകോ. സൗദിയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ റിലയന്‍ കയറ്റു മതി ചെയ്യുന്നുണ്ട്.

റിലയന്‍സുമായി ധാരണയാവുന്നതിലൂടെ ആരാംകോയുടെ എണ്ണ ശുദ്ധീകരണ ശേഷി വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ആരാംകോയുടെ റിഫൈനിംഗ് കപ്പാസിറ്റി പ്രതിദിനം 10 മില്യണ്‍ ബാരല്‍ വരെ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കു പ്രകാരം പ്രതിദിനം 3.6 മില്യണ്‍ ബാരല്‍ റിഫൈനിംഗ് കപ്പാസിറ്റിയാണ് ആരാംകോയ്ക്കുള്ളത്.

സൗദി അറേബ്യയുടെ തെക്കന്‍ ചെങ്കടല്‍ തീരത്ത് 400,000 ബാരല്‍ പ്രതിദിന ജസാന്‍ റിഫൈനറി ആരംഭിക്കാന്‍ ആരാകോ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

യു.എ.സിലെ ഏറ്റവും വലിയ റിഫൈനറിയുടെ ഉടമസ്ഥാവകാശം ഉള്ള ആരാംകോയ്ക്ക് ദക്ഷിണ കൊറിയയിലും ജപ്പാനിലും പ്ലാന്റുകളുണ്ട്. ഇതിനു പുറമെ ചൈനയുമായി സഹകരിച്ച് ചില പ്രവര്‍ത്തനങ്ങള്‍ക്കും സൗദി ഒരുങ്ങുന്നുണ്ട്.

നേരത്തെ റിലയന്‍സിന്റെ ജിയോയിലേക്ക് 11,367 കോടി രൂപ നിക്ഷേപം നടത്താന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തീരുമാനിച്ചിരുന്നു. ജി.യോയുടെ 2.32 ശതമാനമാണ് സൗദി പരമാധികാര കമ്പനി സ്വന്തമാക്കുന്നത്.

അതേ സമയം കൊവിഡ് പ്രതിസന്ധിയില്‍ ആരാംകോ വരുമാനം ഇടിഞ്ഞതിനിടെയാണ് പുതിയ നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കു പ്രകാരം ആരാംകോയ്ക്ക് അറ്റാദായത്തില്‍ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം പകുതിയെത്തുമ്പോഴുള്ള കണക്കാണിത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ ഇടിവാണ് ആരാംകോയെ ബാധിച്ചിരിക്കുന്നത്.

കമ്പനി ഞായറാഴ്ച ഇറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം 2020 ലെ ആദ്യ ആറു മാസം പിന്നിടുമ്പോള്‍ അറ്റാദായം 23.2 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ അറ്റാദായം 46.6 ബില്യണ്‍ ഡോളറായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more