റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സൗദിയിലെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ഖാമിസ് മുഷൈത് (Khamis Mushati) നഗരത്തിലെ ഒരു അനാഥാലയത്തില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് തല്ലുന്നതായുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സൗദി തലസ്ഥാനമായ റിയാദില്‍ നിന്നും 884 കിലോമീറ്റര്‍ അകലെയുള്ള അസിര്‍ പ്രവിശ്യയിലാണ് അനാഥാലയം സ്ഥിതി ചെയ്യുന്നത്.
അനാഥാലയത്തിനുള്ളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം നടത്തി പ്രതിഷേധിച്ച പെണ്‍കുട്ടികളെയാണ് പൊലീസ് അക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഡോണ്‍ പറഞ്ഞു.
അക്രമസംഭവം ചിത്രീകരിച്ച സ്ത്രീകളിലൊരാളാണ് ആദ്യമായി വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
ഖാമിസ് മുഷൈത് ഓര്‍ഫന്‍സ് (Khamis Mushait Orphans) എന്ന ഹാഷ്ടാഗോട് കൂടിയാണ് വീഡിയോ സൗദിയില്‍ പ്രചരിക്കുന്നത്.
സൗദി സുരക്ഷാ യൂണിഫോം ധരിച്ചവരും സിവിലിയന്‍ വസ്ത്രം ധരിച്ചവരുമായ ഡസനിലധികം പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീകളെ ഉപദ്രവിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക. മരത്തിന്റെ വടികളും ബെല്‍റ്റുകളുമുപയോഗിച്ചാണ് തല്ലിയതെന്ന് സിയാസത് ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളെ മുടിയില്‍ പിടിച്ച് നിലത്തുകൂടെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Violence against women in #SaudiArabia is a horrific.. This is an attack by dozens of male security forces who used tasers and sticks and abused orphaned girls inside the orphanage just for their hunger strike to improve their poor living conditions.#ايتام_خميس_مشيطpic.twitter.com/NHevnNR9Ki
അക്രമത്തെ അപലപിച്ചുകൊണ്ട് സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്ന സൗദി ഭരണകൂടത്തിന്റെ നടപടികളുടെ തെളിവാണ് പുറത്തുവന്ന ഈ വീഡിയോ എന്നാണ് ഇവര്‍ പറയുന്നത്.
Content Highlight: Saudi Arabian police beats and assaults women protesters at an orphanage