റിയാദ്: മകനും സൗദി ഉപകിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ കിരിടാവകാശിയാക്കി സല്‍മാന്‍ രാജാവ്. മുഹമ്മദ് ബിന്‍ നായിഫായിരുന്നു സൗദി കിരീടാവകാശി. അദ്ദേഹത്തെ നീക്കിയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ ആ സ്ഥാനത്തേക്കു കൊണ്ടുവന്നിരിക്കുന്നത്.
Must Read: ട്രംപും അല്‍ സഊദും; തുടരുന്ന സഖ്യങ്ങള്‍
സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി പുറത്തിറക്കിയ രാജശാസനയിലാണ് ഇക്കാര്യം പറയുന്നത്. നിലവില്‍ പ്രതിരോധമന്ത്രിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉപപ്രധാനമന്ത്രി സ്ഥാനം കൂടി വഹിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി.
അല്‍-ഖയിദയ്‌ക്കെതിരായ നടപടികളിലൂടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് സ്വീകാര്യനായ മുഹമ്മദ് ബിന്‍ നായിഫിനെ കിരീടാവകാശി സ്ഥാനത്തു നിന്നു മാത്രമല്ല ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. സല്‍മാന്‍ രാജാവിന്റെ സഹോദരന്റെ മകനാണ് മുഹമ്മദ് ബിന്‍ നായിഫ്.
സൗദി അറേബ്യയിലെ അടുത്ത കിരീടാവകാശിയെ തീരുമാനിക്കുന്ന സഭയായ അലീജിയന്‍സ് കൗണ്‍സിലിലെ 34ല്‍ 31 പേരും മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയാക്കുന്നതിനെ അനുകൂലിച്ചു എന്നാണ് സൗദി സര്‍ക്കാര്‍ ചാനല്‍ അവകാശപ്പെടുന്നത്.
അധികാരത്തിലെത്തി രണ്ടുവര്‍ഷത്തിനുള്ളിലാണ് സല്‍മാന്‍ രാജാവ് മകനെ കിരീടാവകാശിയായി വാഴിച്ചിരിക്കുന്നത്. അധികാരത്തിലെത്തിയതിനു പിന്നാലെ തന്നെ മകന് കൂടുതല്‍ കൂടുതല്‍ അധികാരം നല്‍കിയ രാജാവിന്റെ നടപടി സൗദി രാജകുടുംബത്തെ തന്നെ ഞെട്ടിച്ചിരുന്നു.
Also Read: ഖത്തര്‍ പ്രതിസന്ധിയുടെ ‘രാജകുമാരന്‍’ – മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലുകളെപ്പറ്റി
2015 ജനുവരിയില്‍ സല്‍മാന്‍ രാജാവാകുന്നതിനു മുമ്പ് സൗദിക്കാര്‍ക്കിടയില്‍ അത്രയൊന്നും പ്രശസ്തനായിരുന്നില്ല മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ കിരീടാവകാശിയായ സമയത്ത് മുഹമ്മദ് പിതാവിന്റെ റോയല്‍ കോടതിയുടെ ചുമതല വഹിച്ചിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങള്‍ അടുത്ത കിരീടത്തിനു വേണ്ടിയുളളതാണെന്ന് നേരത്തെ തന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു.