റിയാദ്: നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിച്ചെന്ന പേരില്‍ സൗദി അറേബ്യയില്‍ യുവാവിന് 15 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. യെമന്‍ പൗരനാണ് സൗദി കോടതി ശിക്ഷ വിധിച്ചത്.
അലി അബു ലുഹും എന്ന 38കാരനാണ് ശിക്ഷിക്കപ്പെട്ടത്. ട്വീറ്റുകളിലൂടെ ലുഹും നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിച്ചു എന്നായിരുന്നു ആരോപണം.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആണ് തിങ്കളാഴ്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
”ട്വീറ്റുകള്‍ മതനിന്ദയും നിരീശ്വരവാദവും പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്,” ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഭാഗത്ത് നിന്നും സാക്ഷികളില്ലാതെയായിരുന്നു വിചാരണ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദൈവമുണ്ടെന്ന കാര്യം നിഷേധിച്ചു, പൊതു സദാചാരത്തെയും മതപരമായ മൂല്യങ്ങളെയും ഹനിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് പ്രസിദ്ധീകരിച്ചു എന്നീ കുറ്റങ്ങളായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയത്.
അഞ്ജാതമായ രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നും വന്ന രണ്ട് കമന്റുകളായിരുന്നു ആരോപണത്തിന് പിന്നില്‍. ഇതിലെ ഫോണ്‍ നമ്പറുകള്‍ ലുഹുമിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.