| Tuesday, 6th June 2023, 11:10 am

റോബേര്‍ട്ട് ലെവന്‍ഡോസ്‌കി സൗദി ക്ലബ്ബിലേക്ക്? ഞെട്ടലോടെ ആരാധകര്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സമ്മര്‍ ട്രാന്‍സ്ഫര്‍ ആരംഭിക്കാനിരിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ യൂറോപ്പില്‍ നിന്ന് മിഡില്‍ ഈസ്റ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറുന്ന കാഴ്ച്ചക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പുറമെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമയും കഴിഞ്ഞ ദിവസം സൗദി ക്ലബ്ബുമായി ഡീലിങ്‌സ് പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

ഇവര്‍ക്ക് പുറമെ യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് നിരവധി താരങ്ങള്‍ സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ബാഴ്‌സലോണയുടെ പോളിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കി സൗദി ക്ലബ്ബുമായി സൈനിങ് നടത്താന്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്‌കൈ സ്‌പോര്‍ട്ട് ജര്‍മനിയുടെ റിപ്പോര്‍ട്ട് പ്രകാരം കരിം ബെന്‍സെമയെ അല്‍ ഇത്തിഹാദ് സ്വന്തമാക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയെ ചേര്‍ത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ലെവന്‍ഡോസ്‌കിക്ക് പുറമെ സെര്‍ജിയോ റാമോസ്, എയ്ഞ്ചല്‍ ഡി മരിയ, റോബേര്‍ട്ടോ ഫിര്‍മിനോ എന്നീ താരങ്ങളും സൗദി ക്ലബ്ബുമായി സൈനിങ് നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

അതേസമയം, ലെവന്‍ഡോസ്‌കിയെ സൗദി ക്ലബ്ബ് സൈന്‍ ചെയ്യിക്കുമ്പോള്‍ അത് ബാഴ്‌സലോണക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ലയണല്‍ മെസിയെ ക്ലബ്ബില്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ബാഴ്‌സക്ക് സാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് ലെവന്‍ഡോസ്‌കിയെ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച 46 മത്സരങ്ങളില്‍ നിന്ന് 33 ഗോളും എട്ട് അസിസ്റ്റുകളുമാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.

Content Highlights: Saudi Arabian club wants to sign with Robert Lewandowski, says report

We use cookies to give you the best possible experience. Learn more