Advertisement
Football
സൗദിയില്‍ നിന്ന് വമ്പന്‍ ഓഫര്‍; ലെവന്‍ഡോസ്‌കിയെ വില്‍ക്കാനൊരുങ്ങി ബാഴ്‌സലോണ?
സ്പോര്‍ട്സ് ഡെസ്‌ക്
2023 Sep 01, 03:51 pm
Friday, 1st September 2023, 9:21 pm

സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കാന്‍ ബാഴ്‌സലോണക്ക് സൗദി അറേബ്യയില്‍ നിന്ന് വമ്പന്‍ ഓഫര്‍ വന്നതായി റിപ്പോര്‍ട്ട്. 40 മില്യണ്‍ യൂറോയുടെ ഓഫറാണ് താരത്തിനായി സൗദി ക്ലബ്ബ് വിലയിട്ടിരിക്കുന്നത്. ക്ലബ്ബിന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും സ്‌പോര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ താന്‍ കരാര്‍ അവസാനിക്കുന്നത് വരെ ബാഴ്സലോണയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സൗദിയിലേക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ലെവന്‍ഡോസ്‌കി നേരത്തെ പറഞ്ഞിരുന്നു. ഇന്റീരിയ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്.

‘സൗദി പ്രോ ലീഗ് കളിക്കാന്‍ പലരും പോകുന്നെന്ന് കേട്ടു. ഞാനെന്തായാലും പോകുന്നില്ല. അങ്ങനെയൊരു ചിന്ത ഇതുവരെ ഉണ്ടായിട്ടില്ല. ഒന്നാമത്തെ കാരണം, ബാഴ്സയുമായി എനിക്ക് ദീര്‍ഘനാളത്തെ കരാറുണ്ട്.

സൗദി അറേബ്യന്‍ ട്രാന്‍സ്ഫറുകളെക്കുറിച്ചൊക്കെ ഞാന്‍ അറിയുന്നുണ്ട്. പക്ഷെ അതെന്നെ ഇന്‍ഫ്ളുവന്‍സ് ചെയ്തിട്ടില്ല. നിലവില്‍ ബാഴ്സയില്‍ തുടരുകയല്ലാതെ മറ്റൊന്നിനും ഞാന്‍ മുന്‍ഗണന നല്‍കുന്നില്ല,’ ലെവന്‍ഡോസ്‌കി പറഞ്ഞു.

പുതിയ റിപ്പോര്‍ട്ടുകളോട് ബാഴ്‌സലോണയോ ലെവന്‍ഡോസ്‌കിയോ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് ലെവന്‍ഡോസ്‌കിയെ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ബ്ലൂഗ്രാനക്കായി ഇതുവരെ കളിച്ച 46 മത്സരങ്ങളില്‍ നിന്ന് 33 ഗോളും എട്ട് അസിസ്റ്റുകളുമാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.

Content Highlights: Saudi Arabian club wants to sign with Lewandowski