റിയാദ്: പത്ത് വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി സൗദി അറേബ്യയില്‍ ബ്ലോഗര്‍ ജയില്‍മോചിതനായി.
ബ്ലോഗര്‍ റൈഫ് ബദാവിയാണ് തടവുശിക്ഷ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുറത്തിറങ്ങിയത്. കാനഡയിലുള്ള ബദാവിയുടെ ഭാര്യ ഇന്‍സാഫ് ഹൈദര്‍ ട്വിറ്ററിലൂടെ വിവരം പുറത്തുവിടുകയായിരുന്നു.
സൗദി അറേബ്യന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനും ബദാവിയുടെ റിലീസ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
2012ലായിരുന്നു ‘ഇസ്‌ലാമിനെ അപമാനിച്ചു’ എന്ന കുറ്റമാരോപിച്ച് ബദാവിയെ അറസ്റ്റ് ചെയ്തതും തടവിലാക്കിയതും. ലിബറല്‍ ഓണ്‍ലൈന്‍ ഫോറം നിര്‍മിച്ചത് സൗദി സൈബര്‍കുറ്റകൃത്യ നിയമത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തി ബദാവിയെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൗദിയുടെ മത പൊലീസിനെ ബദാവി തന്റെ ബ്ലോഗിലൂടെ വിമര്‍ശിച്ചിരുന്നു. സൗദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതിന് ശേഷമാണ് പൊലീസ് സേനയുടെ അടിച്ചമര്‍ത്തല്‍ സ്വഭാവം വര്‍ധിച്ചതെന്നും ബദാവി തന്റെ ബ്ലോഗ് കുറിപ്പുകളില്‍ പറഞ്ഞിരുന്നു.
ബദാവിയെ തടവിലാക്കിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഭാഗത്ത് നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. സൗദിയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായും ബദാവിയെ ലോകം കണക്കാക്കി.
സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളും ബദാവിയുടെ അറസ്‌റ്റോടെ ചര്‍ച്ചയായിരുന്നു.