റിയാദ്: സ്വര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി അറേബ്യന്‍ ഭരണകൂടം. നടപടികളുടെ ഭാഗമായി പ്രതീകാത്മകമായി മഴവില്‍ നിറങ്ങളിലുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും അധികൃതര്‍ കണ്ടുകെട്ടി.
തലസ്ഥാനമായ റിയാദിലെ കടകളില്‍ നിന്നുമാണ് കൊമേഴ്‌സ് മന്ത്രാലയത്തിന്റെ അധികൃതര്‍ മഴവില്‍ നിറങ്ങളിലുള്ള സാധനങ്ങള്‍ കണ്ടുകെട്ടുന്നതെന്ന് സ്റ്റേറ്റ് മീഡിയയായ അല്‍ ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വവര്‍ഗാനുരാഗത്തെ പ്രൊമോട്ട് ചെയ്യുന്നു എന്നാരോപിച്ചാണ് വസ്തുക്കള്‍ കണ്ടുകെട്ടുന്നത്.
മഴവില്‍ നിറങ്ങളിലുള്ള റിബ്ബണുകള്‍, ഉടുപ്പുകള്‍, തൊപ്പികള്‍, പെന്‍സില്‍ പെട്ടികള്‍ എന്നിവയാണ് കണ്ടുകെട്ടുന്ന സാധനങ്ങള്‍. കണ്ടുകെട്ടുന്ന സാധനങ്ങളില്‍ ഭൂരിഭാഗവും കുട്ടികള്‍ക്ക് വേണ്ടി വിപണിയിലിറക്കിയവയാണ്.
”സാമാന്യ ധാരണകള്‍ക്ക് എതിരായ പ്രതീകങ്ങളും ചിഹ്നങ്ങളുമടങ്ങിയ വസ്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയമപരമായ നടപടികള്‍ നേരിടേണ്ടി വരും,” സൗദി കൊമേഴ്‌സ് മന്ത്രാലയം പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.
فرقنا الرقابية تنفذ جولات على منافذ البيع وتضبط وتصادر منتجات تتضمن رموز ودلالات تدعو للشذوذ وتنافي الفطرة السّوية، وتوقع الجزاءات النظامية على المنشآت المخالفة. pic.twitter.com/XyeNvYmOvl
എത്ര കടകളിലാണ് പരിശോധന നടത്തിയതെന്നും എത്ര സാധനങ്ങളാണ് ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുന്ന സിനിമകളും സൗദിയില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. മാര്‍വല്‍ ചിത്രമായ ഡോക്ടര്‍ സ്ട്രേഞ്ച് (Doctor Strange in the Multiverse of Madness) സൗദി അറേബ്യയില്‍ നിരോധിച്ചിരുന്നു. സ്വവര്‍ഗാനുരാഗിയായ കഥാപാത്രം സിനിമയിലുള്ളതിനാലായിരുന്നു നിരോധനം.
വെസ്റ്റ് വൈഡ് സ്റ്റോറി, മാര്‍വല്‍ ഇറ്റേണല്‍സ് എന്നീ സിനിമകള്‍ക്കും നേരത്തെ സൗദി, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ പ്രദര്‍ശനം നിഷേധിച്ചിരുന്നു.
മാര്‍വെല്‍സിന്റെ സൂപ്പര്‍ഹീറോ ചിത്രമായിരുന്ന ‘എറ്റേണല്‍’സില്‍ സ്വവര്‍ഗാനുരാഗം കാണിക്കുന്നു എന്നാരോപിച്ചായിരുന്നു ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. രാജ്യങ്ങളുടെ സിനിമാ വെബ്സൈറ്റുകളില്‍ നിന്നും എറ്റേണല്‍സിനെ കുറിച്ചുള്ള എല്ലാ വാര്‍ത്തകളും നീക്കം ചെയ്തിരുന്നു.
Content Highlight: Saudi Arabian authorities seize rainbow colored toys, as part of the action against homosexuality