ജയം സൗദി അറേബ്യക്ക്, റെക്കോഡ് ഇറ്റലിക്കും; ആദ്യ മത്സരത്തില്‍ അടിപതറി അര്‍ജന്റീന
Football
ജയം സൗദി അറേബ്യക്ക്, റെക്കോഡ് ഇറ്റലിക്കും; ആദ്യ മത്സരത്തില്‍ അടിപതറി അര്‍ജന്റീന
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd November 2022, 8:47 pm

ഖത്തര്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ തോറ്റുപിന്‍വാങ്ങി ടീം അര്‍ജന്റീന. സൗദി അറേബ്യയോട് 2-1നാണ് അര്‍ജന്റീനയുടെ പരാജയം. ചരിത്രത്തിലാദ്യമയാണ് സൗദി അറേബ്യ അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്. ഇതോടെ 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെയുള്ള അര്‍ജന്റീനയുടെ റെക്കോഡ് തകര്‍ത്ത് മുന്നേറുകയാണ് ഇറ്റലി.

ഖത്തര്‍ ലോകകപ്പിന് തിരഞ്ഞെടുക്കപ്പെട്ട്ല്ലെങ്കിലും 37 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ് ഇറ്റലിയുടെ പേരിലുള്ളത്. 2018 മുതല്‍ 2021 വരെ കളിച്ച ഒറ്റ മത്സരത്തിലും ഇറ്റലി തോല്‍വിയറിഞ്ഞിട്ടില്ല.

ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇറ്റലിയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താന്‍ ലോക റാങ്കിംഗില്‍ 51ാം സ്ഥാനത്തുള്ള സൗദി അറേബ്യക്കെതിരെ അര്‍ജന്റീനക്ക് ഒരു സമനില മാത്രം മതിയായിരുന്നു. എന്നാല്‍ ലൂസൈല്‍ സ്റ്റേഡിയത്തില്‍ സൗദിയുടെ അട്ടിമറി വിജയത്തിന് മുന്നില്‍ അര്‍ജന്റീന നി്ഷ്പ്രഭമാവുകയായിരുന്നു.

അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനിട്ടില്‍ ഡി മരിയ തുടങ്ങി വെച്ച മുന്നേറ്റത്തില്‍ നിന്നും ലയണല്‍ മെസി തൊടുത്ത ഷോട്ട് മികച്ചൊരു സേവിലൂടെ സൗദി കീപ്പര്‍ തട്ടിയകറ്റി.

10ാം മിനിട്ടില്‍ മെസി അര്ജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. പെരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടിയാണ് മെസി ഗോളാക്കിയത്.

അദ്യ പകുതിയില്‍ മൂന്ന് തവണ സൗദി വലയില്‍ അര്‍ജന്റീന പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. രണ്ടാം പകുതിയില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത സൗദി വീറോടെ പൊരുതുന്നതാണ് കണ്ടത്.

48ാം മിനിട്ടില്‍ സലേഹ് അല്‍ഷേരിയിലൂടെ സൗദി സമനില പിടിക്കുകയായിരുന്നു. അഞ്ച് മിനിട്ടിനുശേഷം സലേം അല്‍ദ്വാസാരി അര്‍ജന്റീനക്കെതിരെ രണ്ടാം ഗോള്‍ നേടി. ഒരു ഗോള്‍ ലീഡെടുത്തതോടെ ആക്രമണം ഉപേക്ഷിച്ച് ഡിഫന്‍സിങ്ങിലേക്ക് തിരിഞ്ഞ സൗദി അറേബ്യന്‍ താരങ്ങളുടെ മെയ്ക്കരുത്തിന്റെയും ഗോള്‍ കീപ്പറുടെ മികവിനും മുന്നില്‍ അര്‍ജന്റീന തലകുനിക്കുകയായിരുന്നു.

Content Highlights: Saudi Arabia wins Argentina in  Qatar World Cup