| Wednesday, 7th February 2024, 7:43 pm

സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുന്നത് വരെ ഇസ്രഈലുമായി ഒരു തരത്തിലുള്ള നയതന്ത്ര ബന്ധവുമില്ല; കടുപ്പിച്ച് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് വരെ ഇസ്രഈലുമായി ഒരു തരത്തിലുമുള്ള നയതന്ത്ര ബന്ധങ്ങളും സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.

1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുത്തി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെടുകയും ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇസ്രഈലുമായി ഒരു തരത്തിലുമുള്ള നയതന്ത്ര ബന്ധം ഉണ്ടാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദി നിലപാട് പ്രഖ്യാപിച്ചത്. 2002ലെ അറബ് പീസ് ഇനിഷ്യേറ്റീവ് മുതല്‍ സൗദി ഫലസ്തീന്‍ വിഷയത്തില്‍ ഉറച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ സൃഷ്ടിക്കപ്പെടുന്നത് വരെ ഇസ്രഈലിനെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ഇനിഷ്യേറ്റിവില്‍ പറഞ്ഞിരുന്നു.

‘ഫലസ്തീന്‍ വിഷയത്തിലും സഹോദരങ്ങളായ പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ട ആവശ്യകതയിലും സൗദി അറേബ്യ എല്ലായ്പ്പോഴും ഉറച്ചുനില്‍ക്കുകയാണ്,’ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

യു.എസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രസ്താവനയുടെയും അറബ്-ഇസ്രഈല്‍ ബന്ധം മെച്ചപ്പെടുത്താനുള്ള സമാധാന നീക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രസ്താവനയിറക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘സൗദിയും ഇസ്രഈലും സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന യു.എസ് ദേശീയ സുരക്ഷാ വക്താവിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുമായെന്ന് സൗദി കരുതുന്നു. കിര്‍ബിയുടെ പ്രസ്താവന ഈ ഘട്ടത്തില്‍ ദോഷം ചെയ്യുമെന്നും സൗദി വിലയിരുത്തുന്നു

ജോണ്‍ കിര്‍ബിയുടെ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയോട് സൗദിയുടെ ഉറച്ച നിലപാട് വ്യക്തമാക്കുന്നതിനാണ് പ്രസ്താവന ഇറക്കിയത്’ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരം ഫലസ്തീന്‍ രാഷ്ട്രത്തിന് എത്രയും വേഗം അംഗീകാരം നല്‍കണമെന്ന് ഫലസ്തീനെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് തങ്ങള്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയാണെന്നും സൗദി കൂട്ടിച്ചേര്‍ത്തു.

ഇതിലൂടെ മാത്രമേ ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുകയുള്ളൂവെന്നും ഇതുവഴി എല്ലാവര്‍ക്കും നീതിയും സമാധാനവും കൈവരിക്കാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സൗദിയും ഇസ്രഈലും നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമായെന്നും വൈകാതെ ഇതില്‍ ധാരണയുണ്ടാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രഈലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന് വഴിയൊരുങ്ങുന്നത്.

ഇസ്രഈല്‍ സര്‍ക്കാരിലെ നിരവധി ഉന്നതര്‍ സമീപകാലത്ത് സൗദിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് സൗദി പിന്നോട്ട് പോയെന്ന വിമര്‍ശനം ഉയരുകയുമുണ്ടായി.

Content Highlight: Saudi Arabia will not establish any diplomatic relations with Israel until an independent Palestinian state is established.

We use cookies to give you the best possible experience. Learn more