| Tuesday, 31st October 2023, 3:34 pm

ഫുട്‌ബോള്‍ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുന്നു? പിന്മാറി ഓസ്‌ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

2034ലെ ഫിഫ മെന്‍സ് വേള്‍ഡ് കപ്പിന് ആതിഥേയരാവാനൊരുങ്ങി സൗദി അറേബ്യ. ലോകകപ്പ് ഹോസ്റ്റ് ചെയ്യുന്നതിന് ഫിഫ, ഏഷ്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നും ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഒക്ടോബര്‍ 31നായിരുന്നു ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി.

സൗദി അറേബ്യ ടൂര്‍ണമെന്റ് ഹോസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയതോടെ ഓസ്‌ട്രേലിയ ബിഡ് നല്‍കുന്നതില്‍ നിന്ന് പിന്മാറി. ഓസ്ര്‌ട്രേലിയ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

യു.എസ്, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലാണ് 2026 ലോകകപ്പ് അരങ്ങേറുക. 2030ലെ വേള്‍ഡ് കപ്പ് ടൂര്‍ണമെന്റിന് മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളും ആതിഥേയരാകും.

2018 മുതല്‍ ഫുട്‌ബോള്‍, ഫോര്‍മുല 1, ഗോള്‍ഫ്, ബോക്‌സിങ് എന്നിവ ഉള്‍പ്പെടുന്ന നിരവധി കായിക മത്സരങ്ങള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ഫുട്‌ബോളില്‍ അഭിനിവേശമുള്ള ഒരു രാജ്യമെന്ന നിലയില്‍ സുപ്രധാന ചുവടുവയ്പാണ് ലോകകപ്പിന് ആതിഥേയരാകാന്‍ ബിഡ് നല്‍കുന്നതിലൂടെ നടത്തുന്നതെന്ന് സൗദി അറേബ്യയുടെ കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.

അന്താരാഷ്ട്ര പ്രശസ്തി മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യ കായികരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Saudi Arabia will host Men’s World Cup in 2034

We use cookies to give you the best possible experience. Learn more