കരിം ബെന്‍സെമയും അറേബ്യന്‍ മണ്ണിലേക്ക്? മോഹവില വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ്; പ്രതികരിച്ച് കോച്ച്
Football
കരിം ബെന്‍സെമയും അറേബ്യന്‍ മണ്ണിലേക്ക്? മോഹവില വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ്; പ്രതികരിച്ച് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd February 2023, 8:37 am

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവേശനത്തിന് ശേഷം ക്ലബ്ബിന്റെ ഓഹരിയിലും ബ്രാന്‍ഡ് മൂല്യത്തിലുമുണ്ടായ വര്‍ധനയില്‍ അമ്പരന്നിരിക്കുകയാണ് അല്‍ നസര്‍.

എണ്ണയില്‍ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസത്തിലും, ഫുട്ബോളിലും നിക്ഷേപം നടത്താനുള്ള സൗദിയുടെ തീരുമാനത്തിന്‌ ശേഷം യൂറോപ്പില്‍ നിന്നും ഇനിയും സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് അല്‍ നസറും അല്‍ ഹിലാലുമടക്കമുള്ള വമ്പന്‍ ക്ലബ്ബുകള്‍.

നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമയെ സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കാനൊരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. എല്‍ മുണ്ടോയുടെ റിപ്പോര്‍ട്ട് പ്രകാരം ബെന്‍സെമയെ സൗദി അറേബ്യന്‍ സോക്കറിലെത്തിക്കാന്‍ മോഹവിലയാണ് സൗദി ഓഫര്‍ ചെയ്യുന്നത്.

ഈ സീസണില്‍ റയല്‍ മാഡ്രിഡിലെ താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് താരത്തെ നോട്ടമിട്ട് സൗദിയിലെ വമ്പന്‍ ക്ലബ്ബുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ബെന്‍സെമക്ക് പുറമെ ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ചനെയും സൗദി നോട്ടമിട്ടിട്ടുണ്ട്.

റയലില്‍ ബെന്‍സെമയുടെയും മോഡ്രിച്ചിന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കേ താരം സൗദിയിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് ആരാധകര്‍ കരുതിയിരുന്നത്.

എന്നാല്‍ വിഷയത്തില്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ബെന്‍സെമയും മോഡ്രിച്ചും തങ്ങളുടെ കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കുമെന്നും സൗദിയിലേക്ക് പോകില്ലെന്നും ആന്‍സലോട്ടി പറഞ്ഞു.

‘ബെന്‍സെമയും മോഡ്രിച്ചും സൗദിയിലേക്കോ? രണ്ട് ഇതിഹാസങ്ങള്‍ക്കും റയലില്‍ വിരമിക്കാനാണ് ഇഷ്ടം. അവര്‍ ഇവിടെ തുടരും,’ ആന്‍സലോട്ടി പറഞ്ഞു.

ഇതിനിടെ സെര്‍ജിയോ റാമോസിനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പി.എസ്.ജിയില്‍ നിന്നും റാമോസിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് ഇപ്പോള്‍ അല്‍ നസര്‍ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും കൂടാതെ പ്രതിഫലത്തിന് പുറമേ തങ്ങളുടെ പരസ്യങ്ങള്‍ ചെയ്യുന്നതിനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി അധികം തുക റാമോസിന് നല്‍കാമെന്ന് അല്‍ നസര്‍ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റാമോസിനെ കൂടാതെ ബാഴ്സലോണയുടെ ഇതിഹാസ താരമായ സെര്‍ജിയോ ബുസ്‌ക്കറ്റ്സിനെയും 13 മില്യണ്‍ യൂറോ പ്രതിഫലം നല്‍കി അല്‍ നസര്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: Saudi Arabia wants to sign with Karim Benzema