എന്ത് കൊണ്ട് സൗദി അറേബ്യ പോപ്പ് താരങ്ങളെ തേടുന്നു; ഇതാണ് കാരണം
Saudi Arabia
എന്ത് കൊണ്ട് സൗദി അറേബ്യ പോപ്പ് താരങ്ങളെ തേടുന്നു; ഇതാണ് കാരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2019, 7:53 pm

ലോകത്തിലെ പ്രമുഖ സംഗീതജ്ഞരുടെ ഇഷ്ടകേന്ദ്രമായിരുന്നില്ല സൗദി ഇത് വരെ. എന്നാല്‍ ഈ അടുത്ത കാലത്തായി സംഗീതജ്ഞരുടെ സൗദിയോടുള്ള അനിഷ്ടം മാറിവരികയാണ്. മരിയ കറേ, നിക്കി മിനാജ് എന്നിവര്‍ സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. പിന്നീടവര്‍ അതില്‍ നിന്ന് പിന്‍മാറിയെങ്കിലും, ഇപ്പോഴിതാ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ആയ ബി.ടി.എസ് ഒക്ടോബറില്‍ സൗദിയില്‍ പരിപാടി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്ത് കൊണ്ടാണ് ഈ മാറ്റമെന്നാണ് ലോകം ഇപ്പോള്‍ അന്വേഷിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാനുള്ള സൗദിയുടെ തീരുമാനം തന്നെയാണ് സംഗീതജ്ഞരെ ഇവിടേക്ക് ഇപ്പോള്‍ ആകര്‍ഷിക്കുന്നത്. പുതിയ സൗദി അറേബ്യയെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സാമൂഹ്യമായും സാമ്പത്തികമായും പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാകുമെന്ന് സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികള്‍. ചില വസ്തുതകളെ മനസ്സിലാക്കിയാണ് സൗദിയുടെ ഈ മാറ്റം.

എണ്ണ വ്യവസായത്തില്‍ നിന്നുള്ള വരുമാനമായിരുന്നു സൗദിയുടെ പ്രധാന വരുമാനം. എന്നാല്‍ എണ്ണ വിലയില്‍ ഉണ്ടാവുന്ന സ്ഥിരതയില്ലായ്മ ഇനിയും അധിക കാലം ഈ വ്യവസായത്തെ വിശ്വസിച്ച് മുന്നോട്ട് പോകാനാവില്ലെന്ന് സൗദി മനസ്സിലാക്കി കഴിഞ്ഞു. അത് കൊണ്ട് തന്നെ രാജ്യത്തിന് പുറത്ത് നിന്നുള്ള നിക്ഷേപങ്ങള്‍ വന്നാല്‍ മാത്രമേ ഇനി മുന്നോട്ട് പോകാനാവൂ. അതിനെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നിക്ഷേപ സൗഹൃദ രാജ്യമാണെന്ന് ബോധ്യപ്പെടുത്താനുള്ള സൗദിയുടെ ഇപ്പോളത്തെ ശ്രമങ്ങള്‍.

രാജ്യത്തെ വിനോദ വ്യവസായം വളര്‍ത്തണമെന്ന് സൗദി ഇപ്പോള്‍ കരുതുന്നു. നിരവധി സൗദി പൗരന്‍മാരും വിദേശികളും രാജ്യത്തിന് പുറത്തേക്ക് പോയി സിനിമ കാണുകയും സംഗീത നിശകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന് പുറത്ത് വിനോദാവശ്യത്തിന് ചെലവഴിക്കപ്പെടുന്ന പണം രാജ്യത്ത് തന്നെ ചെലവഴിക്കാന്‍ തയ്യാറാവുന്ന തരത്തിലേക്ക് മാറ്റാനാണ് സൗദിയുടെ ശ്രമം. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നിരവധി സംഗീത നിശകള്‍ സൗദിയില്‍ വരുന്നത്.

സാമൂഹ്യ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനും ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും അനുവദിക്കുന്ന നിയമം നടപ്പിലാക്കിയിരുന്നു.