| Tuesday, 29th November 2022, 11:33 am

'ഒരു വര്‍ഷം 18 കോടി യാത്രക്കാര്‍'; സല്‍മാന്‍ രാജാവിന്റെ പേരില്‍ റിയാദില്‍ ഭീമന്‍ വിമാനത്താവളം പ്രഖ്യാപിച്ച് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: തലസ്ഥാനമായ റിയാദില്‍ പുതിയ കൂറ്റന്‍ വിമാനത്താവളം പണിയുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. വര്‍ഷം 180 മില്യണ്‍ (18 കോടി) യാത്രക്കാരെ സ്വീകരിക്കാന്‍ ശേഷിയുള്ള തരത്തിലുള്ള വിമാനത്താവളമാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്.

നിലവിലെ സൗദിയുടെ ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ പേരിലായിരിക്കും വിമാനത്താവളം പണിയുക.

പുതിയ എയര്‍പോര്‍ട്ട് നിര്‍മാണ പദ്ധതിയുടെ പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം നടത്തിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

2030ഓടെ വര്‍ഷംതോറും 12 കോടി യാത്രക്കാരെയും 2050ഓടെ 18.5 കോടി യാത്രക്കാരെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ 57 സ്‌ക്വയര്‍ കിലോമീറ്ററില്‍ വിമാനത്താവളം നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്.

”റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച പത്ത് നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റാനും 2030ഓടെ റിയാദിലെ ജനസംഖ്യ 15-20 ദശലക്ഷമായി ഉയര്‍ത്താനുമുള്ള സൗദി അറേബ്യയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ വിമാനത്താവള പദ്ധതിയും,” എസ്.പി.എ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം റിയാദിലെ നിലവിലെ ജനസംഖ്യ 80 ലക്ഷത്തില്‍ താഴെയാണ്.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (Public Investment Fund) ഉടമസ്ഥതയിലായിരിക്കും വിമാനത്താവളം.

എണ്ണ വ്യാപാരത്തെ പ്രധാനമായും ആശ്രയിച്ചുകൊണ്ടുള്ള സൗദി സമ്പദ്‌വ്യവസ്ഥയെ മാറ്റിയെടുക്കാനും വൈവിധ്യവല്‍കരിക്കാനുമുള്ള എം.ബി.എസിന്റെ ശ്രമങ്ങള്‍ പ്രധാനമായും നടത്തിയെടുക്കുന്നത് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സിസ്റ്റത്തിലൂടെയാണ്.

നിലവില്‍ സൗദിയിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം ജിദ്ദയിലേതാണ്. ഉംറ- ഹജ്ജ് തീര്‍ത്ഥാടകര്‍ വരുന്ന വിമാനത്താവളമാണ് ഇത്.

പുതിയ റിയാദ് വിമാനത്താവളം പൂര്‍ത്തികരിക്കപ്പെടുന്നതോടെ സൗദിയുടെ ടൂറിസം മേഖലയിലെ വലിയ നാഴികക്കല്ല് തന്നെയായിരിക്കുമത്.

വര്‍ധിച്ചുവരുന്ന എണ്ണവിലയുടെ കാരണം സൗദിക്ക് ലഭിക്കുന്ന വന്‍ സാമ്പത്തിക കുതിപ്പിന്റെ പ്രധാന ഗുണഭോക്താക്കളില്‍ ഒന്ന് കൂടിയാണ് വ്യോമയാന മേഖല.

അതേസമയം, ഖത്തര്‍ ലോകകപ്പ് വലിയ വിജയമായിരിക്കുന്നതിനിടെ 2030ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് സൗദി രംഗത്തെത്തിയിരുന്നു.

ഗ്രീസിനും ഈജിപ്തിനുമൊപ്പം ലോകകപ്പിന് വേദിയൊരുക്കാന്‍ താല്‍പര്യമുണ്ടെന്നാണ് സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ ലോകകപ്പ് ഫുട്ബോള്‍ ആതിഥേയത്വം നേടുന്നതിന് സൗദി നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്തും ഗ്രീസുമായി ചര്‍ച്ചകള്‍ നടത്തി തീരുമാനത്തിലെത്തിയാല്‍ മാത്രമേ സൗദിയുടെ ലോകകപ്പ് ആതിഥേയ മോഹങ്ങള്‍ സാക്ഷാത്കരിക്കപ്പെടൂ.

Content Highlight: Saudi Arabia unveils plans for massive new airport in Riyadh, announced by MBS 

We use cookies to give you the best possible experience. Learn more