പരമ്പരാഗത സൗദി വേഷത്തിലല്ലാതെ സ്ത്രീകള്‍ക്ക് ബിക്കിനി ധരിച്ചും പ്രവേശനം അനുവദിക്കുന്ന ആഢംബര ബീച്ച് റിസോര്‍ട്ട് ആരംഭിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി സമ്പദ് വ്യവസ്ഥയെ ആധുനികവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വടക്കുകിഴക്കന്‍ തീരമേഖലയില്‍ ആഢംബര റെഡ് സീ റിസോര്‍ട്ട് ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
സ്ത്രീകള്‍ക്ക് ശരീരം മുഴുവനായി മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന നിയമം കാരണം വിദേശ സഞ്ചാരികള്‍ ഇവിടെ വരാന്‍ സാധ്യത കുറയുമെന്നുകണ്ടാണ് ഇത്തരമൊരു നീക്കം. പുതിയ റിസോര്‍ട്ട് “അന്താരാഷ്ട്ര നിലവാരങ്ങളുമായി യോജിച്ചുപോകുന്ന നിയമങ്ങള്‍ പ്രകാരമാണ് മുന്നോട്ടുകൊണ്ടുപോകുക” യെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും സ്ത്രീവിരുദ്ധമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനോ, പുരുഷ ബന്ധുവിന്റെ അനുമതിയോ കൂട്ടോ ഇല്ലാതെ ഒറ്റയ്ക്കു സഞ്ചരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇവിടെയില്ല.
പുറത്തു യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ തലയും മുഖവുമെല്ലാം മറയ്ക്കണം എന്നാണ് ഇവിടുത്തെ നിയമം.
അതേസമയം മദ്യം പാടില്ലെന്ന സൗദി നിയമം ഈ റിസോര്‍ട്ടിന് ഭാഗമാകുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
2019ലാണ് ഈ റിസോര്‍ട്ടിന്റെ നിര്‍മാണം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 2022ഓടെ പ്രോജക്ട് പൂര്‍ത്തിയാകുമെന്നാണ് കിരീടാവകാശി അറിയിച്ചിരിക്കുന്നത്.