സൗദി അറേബ്യ: പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സൗദി അറേബ്യയില്‍ ബധിരനും അന്ധനുമായ യുവാവിന്റെ തലവെട്ടുന്നു. മുനീര്‍ ആദം എന്ന 23 കാരന്റെ തലവെട്ടാനാണ് സൗദി കോടതി ഉത്തരവിട്ടിരിക്കുന്നത്.
2012-ല്‍ ഷിയാ വിഭാഗത്തിന് മുന്‍തൂക്കമുള്ള കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് കോടതിയുടെ ഈ ശിക്ഷ.
കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവില്‍ രാജാവ് ഒപ്പ് വയ്ക്കുന്നതിന് മുന്‍പ് മുനീറിന് ഒരുതവണ അപ്പീല്‍ നല്‍കാനാകും.
ആദം അന്ധനും ബധിരനുമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് മനുഷ്യവകാശ കമ്മീഷന്‍ കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
വളരെ ചെറുപ്പത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് ആദത്തിന് കാഴ്ച ശക്തിയും കേള്‍വിശക്തിയും നഷ്ടമാകുന്നത്. പ്രതിഷേധപ്രകടനം നടത്തിയതിന്റെ പേരില്‍ വയലന്റ് ആക്ട് പ്രകാരവും വിദ്വേഷം പ്രചരിക്കുന്ന സന്ദേശങ്ങള്‍ കൈമാറിയതിനുമാണ് ശിക്ഷ.
എന്നാല്‍ പ്രത്യേക ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണത്തില്‍ ആദത്തിനെതിരെ ഒരു തെളിവുപോലും നിരത്താന്‍ സാധിച്ചിട്ടില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.