റിയാദ്: അടുത്തവര്‍ഷം മുതല്‍ സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കുമെന്ന്് സൗദി. ഇതാദ്യമായാണ് സൗദി സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാനും കായിക മത്സരങ്ങളില്‍ പങ്കുചേരാനും അനുമതി നല്‍കുന്നത്.
റിയാദ്, ജിദ്ദാ, ദമാം എന്നീ മൂന്ന് പ്രധാന നഗരങ്ങളിലെ സ്റ്റേഡിയങ്ങളില്‍ കുടംബത്തോടൊപ്പം പ്രവേശനം അനുവദിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
സ്ത്രീകള്‍ക്ക് കര്‍ശനമായ വിലക്കുകള്‍ നിലനില്‍ക്കുന്ന സൗദിയില്‍ അടുത്തിടെയാണ് വോട്ടു ചെയ്യാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വാഹനമോടിക്കാനുമൊക്കെ സ്ത്രീകളെ അനുവദിച്ചത്.
സൗദി അറേബ്യ തീവ്ര ഇസ് ലാമിക ചിന്താഗതി വെടിഞ്ഞ് മിതത്വമുള്ള പാരമ്പര്യം സ്വീകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനവും.
2018ന്റെ തുടക്കം മുതല്‍ തന്നെ ഫാമിലിയെ പ്രവേശിപ്പിക്കാവുന്ന തരത്തില്‍ മൂന്ന് സ്റ്റേഡിയങ്ങളില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൗദി അറേബ്യയുടെ കായിക അതോറിറ്റി അറിയിച്ചിരിക്കുന്നത്.
പുതിയ തീരുമാനത്തിന്റെ ഭാഗമായി സ്റ്റേഡിയങ്ങളില്‍ റസ്റ്റോറന്റുകളും കഫേയും മോണിറ്റര്‍ സ്‌ക്രീനും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം സൗദിയുടെ ദേശീയ ദിനത്തില്‍ റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നു. ഇതിന്റെ പേരില്‍ സൗദിയ്‌ക്കെതിരെ യാഥാസ്ഥിതികര്‍ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
അടുത്തിടെയുണ്ടായി ചില പ്രഖ്യാപനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് ആശ്വാസകരമാണെങ്കില്‍ കൂടിയും ഇപ്പോഴും സ്ത്രീകള്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുരുഷ രക്ഷിതാവ് കൂടെയില്ലാതെ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ സഞ്ചരിക്കാനുള്ള അനുവാദം ഇപ്പോഴും സൗദിയില്‍ ഇല്ല. കൂടാതെ സ്ത്രീകള്‍ക്കായി പ്രത്യേക ഡ്രസ് കോഡും നിലനില്‍ക്കുന്നുണ്ട്.