യുഎസ്-സൗദി പെട്രോഡോളർ കരാർ അവസാനിപ്പിക്കാനൊരുങ്ങി സൗദി; നിർത്തുന്നത് 50 വർഷമായി നിലവിലുള്ള കരാർ
World News
യുഎസ്-സൗദി പെട്രോഡോളർ കരാർ അവസാനിപ്പിക്കാനൊരുങ്ങി സൗദി; നിർത്തുന്നത് 50 വർഷമായി നിലവിലുള്ള കരാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 8:58 am

റിയാദ്: അന്താരാഷ്ട്ര എണ്ണ ഇടപാടുകൾക്ക് അടിസ്ഥാന കറൻസിയായി ഡോളർ ഉപയോഗിക്കുന്ന കരാറിൽ നിന്നും പിന്മാറി സൗദി അറേബ്യ. 50 വർഷമായി അമേരിക്കയുമായുള്ള കരാറാണ് പുതുക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

1974 ജൂൺ 8 ന് ആണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറും സൗദി അറേബ്യയിലെ പ്രിൻസ് ഫാൻഡ് ഇബ്ൻ അബ്ദുൽ അസീസും ചേർന്നാണ് കരാറിൽ ഒപ്പു വക്കുന്നത്. പെട്രോഡോളർ സമ്പ്രദായം എന്നറിയപ്പെട്ട കരാർ, ഒരു സ്ഥിരതയുള്ള ആഗോള എണ്ണ വിപണി സ്ഥാപിക്കുന്നതിനും സൗദി അറേബ്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള എണ്ണയുടെ കയറ്റുമതി ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു. പകരം, സൈനിക മെച്ചപ്പെടുത്തലുകളിലും സാമ്പത്തിക സഹകരണത്തിലും സൗദി അറേബ്യയെ സഹായിക്കാൻ അമേരിക്ക സമ്മതിക്കുകയും ചെയ്തിരുന്നു.

കരാർ പ്രകാരം, സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിക്ക് യു.എസ് ഡോളറിൽ മാത്രമായി വില നൽകാനും മിച്ചമുള്ള എണ്ണ വരുമാനം യു.എസ് ട്രഷറി ബോണ്ടുകളിൽ നിക്ഷേപിക്കാനും സമ്മതിച്ചു. കരാർ ഒപ്പിട്ടത് സൗദി സർക്കാരാണെങ്കിലും, മിക്കവാറും എല്ലാ ഒപെക് രാജ്യങ്ങളും അവരുടെ എണ്ണ അന്താരാഷ്ട്ര വിപണിയിൽ വിൽക്കാൻ യു.എസ് ഡോളർ ആണ് ഉപയോഗിക്കുന്നത്.

കാലാവധി പൂർത്തിയാക്കേണ്ട കരാർ ജൂൺ ഒമ്പതിനായിരുന്നു പുതുക്കേണ്ടിയിരുന്നത്. കരാർ പുതുക്കാതെ വന്നാൽ അത് യു.എസ് ഡോളറിൻ്റെ ആഗോള ആധിപത്യത്തെ ദുർബലപ്പെടുത്തും. രാഷ്ട്രീയ ലാഭത്തിനായി മധ്യ പൗരസ്ത്യ ദേശത്തെ അസ്ഥിരമായി നിലനിർത്താനുള്ള അമേരിക്കയുടെ നിലപാടുകളിൽ വലിയ അമർഷമാണ് ലോക രാജ്യങ്ങൾക്കിടയിൽ നില നിൽക്കുന്നത്.

അമേരിക്കയുടെ നയങ്ങൾക്ക് മേലെയുള്ള വലിയ തിരിച്ചടിയാണ് സൗദിയുടെ പുതിയ നീക്കം. അമേരിക്കയുടെ ആഗോള സാമ്പത്തിക ആധിപത്യത്തിനേറ്റ തിരിച്ചടിയായാണ് ചില വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

Content Highlight: Saudi Arabia stops selling oil exclusively in US Dollar