| Saturday, 21st July 2018, 8:11 pm

ഇസ്രഈലിന്റെ ജൂതരാജ്യ പ്രഖ്യാപനം വിവേചനങ്ങള്‍ക്കു വളമിടും; നിയമത്തെ നിരാകരിക്കുന്നു: സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഇസ്രഈല്‍ ജൂതരാജ്യമായി പ്രഖ്യാപിച്ച നീക്കം വംശീയവിവേചനങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് സൗദി അറേബ്യ. ഇസ്രഈല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് സൗദിയുടെ പ്രതികരണം. ഫലസ്തീനികള്‍ക്കെതിരെയുള്ള വിവേചനത്തിന് വളമിടുന്നതാണ് പ്രഖ്യാപനമെന്നായിരുന്നു സൗദിയുടെ പ്രസ്താവന.

ജൂതവംശത്തില്‍പ്പെട്ടവരുടെ സമൂഹം സ്ഥാപിക്കപ്പെടുന്നത് രാജ്യ താല്‍പര്യങ്ങളില്‍പ്പെടുന്നതാണെന്നായിരുന്നു ഇസ്രഈല്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ പുതിയ നിയമം. ഔദ്യോഗിക ഭാഷയെന്ന സ്ഥാനത്തുനിന്നും പ്രത്യേകപദവിയുള്ള ഭാഷയെന്ന നിലയിലേക്ക് അറബിയെ തരം താഴ്ത്തിയിട്ടുമുണ്ട്.

പുതിയ നിയമഭേദഗതിയെ തങ്ങള്‍ നിരാകരിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നതായി കാണിച്ച് സൗദി പ്രസ്സ് ഏജന്‍സി പ്രസ്താവനയിറക്കുകയായിരുന്നു. രാജ്യാന്തര നിയമങ്ങളെ ഖണ്ഡിക്കുന്നതാണ് ഇസ്രഈല്‍ നിലപാടെന്നും സൗദി കൂട്ടിച്ചേര്‍ത്തു.


Also Read: അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് എട്ട് വര്‍ഷം കൂടി തടവ് വിധിച്ച് കോടതി


ഫലസ്തീനികള്‍ക്കെതിരെയുള്ള വിവേചനം ശക്തിപ്പെടുത്തുന്ന ഇത്തരം നിയമങ്ങളെയും ഇസ്രഈലിന്റെ ഇത്തരം നീക്കങ്ങളെയും എതിര്‍ത്തുകൊണ്ട് നേരിടാന്‍ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു. ഇസ്രാഈല്‍-ഫലസ്തീന്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഈ നിയമം തടസ്സം സൃഷ്ടിക്കുമെന്നും സൗദി പ്രസ്സ് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രഈലികള്‍ക്കും ഫലസ്തീനികള്‍ക്കും സ്വന്തം രാജ്യമുണ്ടാകാന്‍ അവകാശമുണ്ടന്ന് അഭിപ്രായപ്പെട്ടത്. ഇസ്രഈല്‍ ജനസംഖ്യയില്‍ 17.5 ശതമാനവും അറബ് വംശജരാണ്.

ആറു രാജ്യങ്ങളടങ്ങുന്ന ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലും ഭേദഗതിയെ അപലപിച്ചിരുന്നു. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളടങ്ങുന്നതാണ് ജി.സി.സി. ഫല്‌സതീനികളുടെ സ്വത്വബോധത്തെ ഇല്ലാതാക്കുകയും അവരുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ് ഇസ്രഈലിന്റെ നടപടിയെന്നും ജി.സി.സി ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more