സൗദിയിലെ ശിയ ഭൂരിപക്ഷ മേഖലയായ അവാമിയ സൗദി സുരക്ഷാ സേന ഉപരോധിച്ചതായും പ്രദേശവാസികള്‍ക്കുനേരെ ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ട്. അവാമിയയിലെ ആക്ടിവിസ്റ്റുകളായി തയ്യാറാക്കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ദ ഇന്റിപ്പെന്റന്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
“മൂന്നുമാസിയ സൗദി സര്‍ക്കാറിന്റെ ഉപരോധത്തില്‍ കഴിയുന്ന സൗദി നഗരത്തിന്റെ ഉള്‍ഭാഗം” എന്നര്‍ത്ഥം വരുന്ന തലക്കെട്ടില്‍ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ നടന്ന നഗരാവശിഷ്ടത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് ഇന്റിപ്പെന്റന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
400 വര്‍ഷം പഴയക്കമുള്ള അവാമിയ നഗരം കിഴക്കന്‍ ഖത്തിഫ് പ്രവിശ്യയിലാണ്. 30,000ത്തോളം പേര്‍ വസിക്കുന്ന ഇവിടെയുള്ളവരെ കുടിയൊഴിപ്പിക്കാനുള്ള സൗദി സുരക്ഷാ സൈന്യത്തിന്റെ ശ്രമം 2017 മെയ് 10 മുതല്‍ അക്രമാസക്തമാകുകയും ഇതിനകം 25 ഓളം പ്രദേശവാസികള്‍ കൊല്ലപ്പെടുന്നതിന് കാരണമാകുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൗദി സുരക്ഷാ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലും വെടിവെപ്പിലും കെട്ടിടങ്ങള്‍ തകര്‍ന്ന് നഗരം സിറിയയിലെ ചില നഗരങ്ങള്‍ പോലെയായെന്നാണ് ഇന്റിപ്പെന്റന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിദേശമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ നഗരത്തിലേക്കു കടക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഇതുവരെ പുറംലോകം അറിയാതിരുന്നതെന്നും ശിയ അനുകൂല ന്യൂസ് സൈറ്റുകളും അവാമിയയിലെ സമൂഹ മാധ്യമങ്ങളില്‍ നിന്നുംമാത്രമാണ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശരിവെക്കാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇവിടെ സൗദി സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ഈ നഗരത്തിനുള്ളില്‍ കഴിയുന്ന ഒരു സായുധ പ്രക്ഷോഭകനില്‍ നിന്നും നഗരത്തിന് പുറത്തു കഴിയുന്ന രണ്ട് പ്രോ അവാമിയ ആക്ടിവിസ്റ്റുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
“ഞങ്ങളെ പിടികിട്ടാപ്പുള്ളികളായ തീവ്രവാദികളായി സര്‍ക്കാര്‍ മുദ്രകുത്തുന്നവരെ ഞാന്‍ സമാധാനപരമായി പ്രതിഷേധിക്കുന്നയാളായിരുന്നു. പരിഷ്‌കരണത്തിനു ആവശ്യപ്പെടുക മാത്രമാണ് ഞങ്ങള്‍ ചെയ്തിരുന്നത്. കാരണം ഞങ്ങള്‍ക്ക് ഈ ഭരണകൂടത്തെ ഭയമില്ല. അവര്‍ ഈ നഗരത്തെ മുഴുവന്‍ വേട്ടയാടുകയാണ്.” സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരിലൊരാള്‍ പടിഞ്ഞാറന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഉപരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സൈന്യം തന്റെ വീടുകള്‍ റെയ്ഡ് ചെയ്തെന്നും ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും അദ്ദേഹം പറയുന്നു. അഞ്ചുവയസുകാരിയായ മകളെതോക്കിന്‍മുനയില്‍ നിര്‍ത്തുകയും എട്ടുമാസം പ്രായമായ കുട്ടിയെ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് താഴെ എടുത്തെറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
“അവര്‍ എന്റെ മകളോട് പറഞ്ഞത് ഞങ്ങള്‍ നിന്റെ അച്ഛനെ കൊന്ന് തലയറുത്ത് നിന്റെ കാലിനിടയില്‍ ഇടുമെന്നാണ്.” അദ്ദേഹം പറയുന്നു.
“ഞങ്ങള്‍ക്ക് മറ്റുവഴികളില്ല. ഞങ്ങളുടെ ജീവനെയും ഞങ്ങളുടെ സ്ത്രീകളെയും സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ബോംബിട്ടും വെടിവെച്ചും വീടുകള്‍ അവര്‍ നശിപ്പിച്ചു. എല്ലാവരേയും വേട്ടയാടുകയാണ്.” അദ്ദേഹം പറയുന്നു.
അറബ് വസന്തം മുതല്‍ തന്നെ ശിയാ പൗരന്മാര്‍ക്കെതിരായ സൗദി സര്‍ക്കാറിന്റെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മേഖലയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്നുമാസം മുമ്പ് സൗദി സുരക്ഷാ സേന ബുള്‍ഡോസറും മറ്റ് ഉപകരണങ്ങളുമായി ഈ പൗരാണിക നഗരം തകര്‍ത്ത് പുതുക്കി പണിയാനെന്നും പറഞ്ഞ് രംഗത്തുവന്നതോടെയാണ് പ്രദേശവാസികള്‍ ഇവിടം വിട്ടുപോകാന്‍ വിസമ്മതിച്ചു. ഇതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
“ഞാന്‍ മനസിലാക്കുന്നത് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഏതു മേഖലയേയും തകര്‍ക്കുംപോലെ ഇവിടെയും തകര്‍ക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. അവര്‍ക്കുവേണ്ടത് കാലിയായ നഗരമാണ്. പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍.” സുരക്ഷാ സേനയുടെ ആക്രമത്തെക്കുറിച്ച് യൂറോപ്യന്‍ സൗദി മനുഷ്യാവകാശ സംഘടനകളുടെ ആക്ടിവിസ്റ്റ് ഗ്രൂപ്പിന്റെ ഡയറക്ടര് ആയഅലി അദുബാസി പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സൗദി അധികൃതര്‍ അവാമിയ നിവാസികള്‍ക്ക് കുടിയൊഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ടു നിര്‍ദ്ദിഷ്ട റോഡുകള്‍ വഴി ഇവിടംവിട്ടുപോകാനായിരുന്നു നിര്‍ദേശം. സുരക്ഷാ സേനയുടെ ആക്രമണം ഭയന്ന് നൂറുകണക്കിന് പ്രദേശവാസികളാണ് പലായനം ചെയ്തതെന്നാണ് യു.എസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ പറയുന്നത്. നിലവില്‍ 3000-5000 വരെ ആളുകള്‍ മാത്രമാണ് അവിടെ ബാക്കിയുള്ലതെന്നും ഇവര്‍ പറയുന്നു.
അതേസമയം, സൗദിയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദിയാണ് അവാമിയയിലെ പ്രക്ഷോഭകര്‍ എന്നാണ് സൗദി സര്‍ക്കാര്‍ വാദം.
തീവ്രവാദക്കുറ്റം ആരോപിച്ച് സൗദി വധശിക്ഷയ്ക്കു വിധേയനാക്കിയ ഷിയ പുരോഹിതനായ നിമ്ര് അല്‍ നിമ്ര് അവാമിയ സ്വദേശിയായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.