| Tuesday, 26th May 2020, 10:20 pm

ഖുര്‍ ആന്‍ ലഭ്യമാവില്ല, പള്ളി തുറക്കുക നിയന്ത്രിത സമയങ്ങളില്‍ മാത്രം; സൗദിയില്‍ പള്ളികളിലെ പുതിയ നിയന്ത്രണങ്ങള്‍ ഇവയൊക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനിരിക്കെ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങള്‍.

പ്രാര്‍ത്ഥനയ്ക്ക് 15 മിനുട്ട് മുമ്പാണ് സൗദിയില്‍ പള്ളികള്‍ തുറക്കുക. പ്രാര്‍ത്ഥനയ്ക്ക് ശേഷം 10 മിനുട്ടിനുള്ളില്‍ പള്ളി അടയ്ക്കും. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് 20 മിനുട്ട് മുമ്പ് പള്ളി തുറക്കും. പ്രാര്‍ത്ഥന കഴിഞ്ഞ് 20 മിനുട്ടിന് ശേഷം അടയ്ക്കുകയും ചെയ്യും.

ഖുര്‍ ആന്‍ പുസ്തകങ്ങള്‍ പള്ളികളില്‍ ലഭ്യമാവില്ല. ഒപ്പം നമസ്‌കാരത്തിനെത്തുന്നവര്‍ പരസ്പരം രണ്ട് മീറ്റര്‍ അകലം പാലിച്ചിരിക്കണം. ഒപ്പം ഒരു നിരയിലുള്ളവര്‍ മുന്‍ നിരയിലുള്ളവരുമായി നിശ്ചിത അകലം പാലിക്കണം.

പള്ളികളില്‍ റെഫ്രിജറേറ്റുകള്‍, ടോയ്‌ലറ്റ് സൗകര്യം എന്നിവ ലഭ്യമാവില്ല. പള്ളികളിലെ ഖുര്‍ ആന്‍ പാരായണങ്ങള്‍, പ്രഭാഷണങ്ങള്‍, ക്ലാസുകള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പള്ളിയിലെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. നമസ്‌കാരത്തിനുള്ള വിരിപ്പ് സ്വയം കൊണ്ടു വരണം. 15 വയസ്സിനു താഴെയുള്ള കുട്ടികളെ പള്ളികളില്‍ കൊണ്ടു വരരുത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവു വരുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ ചട്ടങ്ങള്‍.

മെയ് 28 മുതലാണ് സൗദിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. മൂന്ന് ഘട്ടങ്ങളായാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. ജൂണ്‍ 21 മുതല്‍ തുടങ്ങുന്ന മൂന്നാം ഘട്ടത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാകും. എന്നാല്‍ മക്കയിലും മദീനയിലും ഉള്ള നിയന്ത്രണങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങളും തുടരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more