ജിദ്ദ: ഒറ്റ ദിവസം 81 പേര്‍ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. കൊലപാതകം, തീവ്രവാദ പ്രവര്‍ത്തനം തുടങ്ങിയവ ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ നടപ്പാക്കലാണിത്.
81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. സൗദി അറേബ്യയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ഖാഇദ എന്നീ ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനും കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിനും 81 പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികള്‍ക്ക് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള അവകാശവും നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി ഹീനമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതായും നിരപരാധികളായ സാധാരണ പൗരന്മാരേയും നിയമപാലകരേയും കൊലപ്പെടുത്തിയതായി തെളിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
13 ജഡ്ജിമാരുടെ നേതൃത്വത്തിലാണ് ശിക്ഷ നടപ്പാക്കിയത്. ഓരോ പ്രതിയെയും മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി വിചാരണക്ക് വിധേയമാക്കി. രാജ്യത്തെ നിയമങ്ങള്‍ അവര്‍ക്ക് ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും വകവെച്ചുകൊടുത്തതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇതിനു മുമ്പ് 2016 ലാണ് സൗദിയില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയത്. പ്രതിപക്ഷ നേതാവായ ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെയാണ് അന്ന് സൗദി ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്.