ഖത്തറില്‍ അര്‍ജന്റീനക്കെതിരെ തകര്‍പ്പന്‍ ജയമാണ് സൗദി അറേബ്യ സ്വന്തമാക്കിയത്. സൗദി താരങ്ങളെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
രാജ്യത്തിനായി അട്ടിമറി ജയം സമ്മാനിച്ച ഫുട്ബോള്‍ താരങ്ങള്‍ക്ക് അത്യാഡംബര വാഹനമാണ് സൗദി രാജകുമാരന്‍ സമ്മാനമായി നല്‍കുന്നത്. ഓരോ താരത്തിനും റോള്‍സ് റോയ്സ് ഫാന്റം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പ് മത്സരം കഴിഞ്ഞ് താരങ്ങള്‍ തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് തന്നെ വാഹനങ്ങള്‍ നേരിട്ട് കൈമാറുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദിയുടെ ഞെട്ടിക്കുന്ന വിജയത്തിന് പിന്നാലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗിക അവധി നല്‍കിയ സൗദി അറേബ്യ മത്സര വിജയത്തിന് പിന്നാലെ ദേശീയ അവധി അടക്കം നല്‍കിയാണ് വിജയം ആഘോഷിച്ചത്. സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും അടക്കമായിരുന്നു അവധി പ്രഖ്യാപിച്ചത്.
മത്സരത്തില്‍ പ്രതിരോധ ശ്രമത്തിനിടെ പരിക്കേറ്റ സൗദി ഡിഫന്‍ഡര്‍ യാസര്‍ അല്‍ സഹ്‌റാനിയെ എയര്‍ ലിഫ്റ്റ് ചെയ്ത് ജര്‍മനിയിലെത്തിക്കാന്‍ സൗദി പ്രിന്‍സ് ഉത്തരവിട്ടതും വാര്‍ത്തയായിരുന്നു.
സൗദി ബോക്സിനുള്ളിലേക്ക് വന്ന ലോങ് ബോള്‍ പ്രതിരോധിക്കുന്നതിനിടയില്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിന്റെ മുട്ട് കൊണ്ടാണ് അല്‍ സഹ്റാനിക്ക് പരിക്കേറ്റത്. താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ ഇടത് മുഖത്തെ എല്ലും ഒടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലുസൈല്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് സൗദി അട്ടിമറിച്ചത്. പത്താം മിനിട്ടില്‍ മെസിയുടെ പെനാല്‍ട്ടി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ 48ാം മിനിട്ടില്‍ സാലെഹ് അല്‍ഷെഹ്രിയിലൂടെ സൗദി ഒപ്പം പിടിച്ചു.
രണ്ടാം പകുതിയില്‍ രണ്ടാമത്തെ ഗോളും നേടി ലീഡുയര്‍ത്തിയ സൗദി പിന്നീട് ഡിഫന്‍ഡിങ്ങിലേക്ക് തിരിയുകയായിരുന്നു. സൗദി താരങ്ങളില്‍ നിന്ന് ശാരീരിക അറ്റാക്കിങ് നേരിടേണ്ടി വന്ന അര്‍ജന്റീനക്ക് പെനാല്‍ട്ടിക്കുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഓഫ് സൈഡുകളിലൂടെയും ഗോള്‍ നഷ്ടമാവുകയിരുന്നു.
Content Highlights: Saudi Arabia’s players will each receive a Rolls Royce Phantom for their World Cup upset win over Argentina