റിയാദ്: സൗദി അറേബ്യയുടെ നിയുക്ത പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ വരുന്ന നവംബറില്‍ ഇന്ത്യയും പാകിസ്ഥാന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി പോകുന്ന വഴിക്കായിരിക്കും എം.ബി.എസ് ഇന്ത്യ സന്ദര്‍ശിക്കുകയെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.
നവംബര്‍ 14ന് രാവിലെ എം.ബി.എസ് ഇന്ത്യയിലെത്തുമെന്നും അതേ ദിവസം തന്നെ തിരിച്ചുപോകുമെന്നുമാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് എം.ബി.എസ് ഇന്ത്യാ സന്ദര്‍ശനം നടത്തുന്നതെന്നാണ് സൂചന. എം.ബി.എസിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വഴി മോദി കത്തയച്ചിരുന്നു.
അതിനിടെ, എം.ബി.എസിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സൗദിയുടെ ഊര്‍ജവകുപ്പ് മന്ത്രി അബ്ദുലസീസ് ബിന്‍ സല്‍മാന്‍ കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍, ഊര്‍ജവകുപ്പ് മന്ത്രി ആര്‍.കെ. സിങ്, എണ്ണവകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് എന്നിവരുമായി സൗദി മന്ത്രി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് കാരണം സൗദിയും യു.എസും തമ്മിലുള്ള ബന്ധം വഷളാകുകയും ഇരു രാജ്യങ്ങളും തമ്മില്‍ വാക്‌പോര് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് എം.ബി.എസിന്റെ ഇന്ത്യാ- പാക് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
അതേസമയം സാമ്പത്തിക തകര്‍ച്ച നേരിടുന്ന പാകിസ്ഥാന്‍ എം.ബി.എസിന്റെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ സൗദി സന്ദര്‍ശിച്ച സമയത്ത് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എം.ബി.എസിനെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരുന്നു.