എണ്ണ ഉല്‍പാദനം കൂട്ടില്ല; ബൈഡന്റെ ഫോണ്‍കോള്‍ 'നിരസിച്ച്' സൗദിയും യു.എ.ഇയും; റഷ്യ- ഉക്രൈന്‍ വിഷയം ചര്‍ച്ചയാക്കാനുള്ള വാഷിങ്ടണ്‍ നീക്കം പാളി
World News
എണ്ണ ഉല്‍പാദനം കൂട്ടില്ല; ബൈഡന്റെ ഫോണ്‍കോള്‍ 'നിരസിച്ച്' സൗദിയും യു.എ.ഇയും; റഷ്യ- ഉക്രൈന്‍ വിഷയം ചര്‍ച്ചയാക്കാനുള്ള വാഷിങ്ടണ്‍ നീക്കം പാളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 10:32 am

വാഷിങ്ടണ്‍: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇരു നേതാക്കളുമായും യു.എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങളാണ് പരാജയപ്പെട്ടത്.

വാള്‍സ്‌സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉക്രൈന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നല്‍കുന്നതും എണ്ണവില കുതിച്ചുയരുന്നതിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതുമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നു വൈറ്റ്ഹൗസ് ടെലിഫോണ്‍ സംഭാഷണത്തിന് ശ്രമിച്ചത്.

എന്നാല്‍ പ്രസിഡന്റുമായി ഈ വിഷയത്തില്‍ സംസാരിക്കുന്നതിനുള്ള യു.എസിന്റെ അഭ്യര്‍ത്ഥന സൗദിയുടെയും അബുദാബിയുടെയും നേതാക്കള്‍ നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണക്കും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുകയും എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍, എണ്ണ ഉല്‍പാദകരില്‍ പ്രമുഖരായ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനാണ് ഇപ്പോള്‍ യു.എസിന്റെ നീക്കം.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും വലിയ എണ്ണ നിര്‍മാതാക്കളാണ് സൗദിയും യു.എ.ഇയും. റഷ്യയില്‍ നിന്നുള്ള എണ്ണവരവ് നിലച്ച് എണ്ണവില ഉയരുന്നതിനാല്‍ സൗദിയും യു.എ.ഇയും എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ച് അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്നതാണ് യു.എസിന്റെ ആവശ്യം.

എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്നതില്‍ കൂടുതല്‍ എണ്ണ പമ്പ് ചെയ്യാന്‍ യു.എ.ഇയും സൗദിയും വിസമ്മതിച്ചു. ഒപെകും (Opec) റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളും അപ്പ്രൂവ് ചെയ്ത നിലവിലെ പ്രൊഡക്ഷന്‍ പ്ലാനില്‍ ഉറച്ചുനില്‍ക്കാനാണ് രണ്ട് ഗള്‍ഫ് രാജ്യങ്ങളുടെയും തീരുമാനം.

എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കയുടെ പോളിസികളെ സൗദിയിലെയും യു.എ.ഇ എമിറേറ്റുകളിലെയും അധികൃതര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ യു.എസുമായി സംഭാഷണത്തിനുള്ള അവസരം നിരസിച്ചതായുള്ള വാര്‍ത്തയും പുറത്തുവരുന്നത്.

യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളോടുള്ള യു.എസിന്റെ പ്രതികരണമാണ് സൗദിയെയും എമിറേറ്റുകളെയും ചൊടിപ്പിച്ചത്. ഇറാന്‍ ആണവക്കരാറുകള്‍ പുതുക്കുന്നതിലും രണ്ട് ഗള്‍ഫ് രാജ്യങ്ങളും ആശങ്ക അറിയിച്ചിരുന്നു.

ഫെബ്രുവരി 9ന് സൗദി രാജാവ് സല്‍മാനുമായി ജോ ബൈഡന്‍ സംസാരിച്ചിരുന്നു.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദും കഴിഞ്ഞയാഴ്ച സംസാരിച്ചിരുന്നു.


Content Highlight: Saudi Arabia’s Mohammed bin Salman and Abu Dhabi leader Mohammed bin Zayed Al Nahyan reject calls with US President Biden on Ukraine, oil price