കുവൈറ്റ് ഭരണാധികാരിക്കു പിന്നാലെ സൗദി രാജാവും ആശുപത്രിയില്‍
Gulf
കുവൈറ്റ് ഭരണാധികാരിക്കു പിന്നാലെ സൗദി രാജാവും ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 4:49 pm

റിയാദ്; സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പിത്താശയത്തിലെ വീക്കത്തെ തുടര്‍ന്നാണ് 84 കാരനായ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സൗദിയിലേക്ക് ഇറാഖി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മാറ്റി വെച്ചിട്ടുണ്ട്.

1963 മുതല്‍ 2011 വരെ ഗവര്‍ണറായി അധികാരത്തിലിരുന്ന സല്‍മാന്‍ രാജാവ് 50 വര്‍ഷത്തിലേറെ റിയാദ് ഗവര്‍ണറായി അധികാരത്തിലുണ്ടായിരുന്നു.

തുടര്‍ന്ന് പ്രതിരോധ മന്ത്രി, ഉപപ്രധാന മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2012 ജൂണില്‍ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 2015 ജനുവരിയില്‍ 73-ാം വയസ്സിലാണ് സൗദി ഭരണാധികാരിയായി ചുമതലയേല്‍ക്കുന്നത്. മകനും ഇപ്പോഴത്തെ കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇദ്ദേഹത്തിനു ശേഷം അധികാരത്തിലേറാനിരിക്കുന്നത്.

കഴിഞ്ഞ ദിവസം കുവൈറ്റ് ഭരണാധികാരിയായ അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായാണ് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. എന്ത് ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഞായറാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയ്ക്കാണ് നിലവില്‍ ചില ഭരണച്ചുമതലകള്‍ താല്‍ക്കാലികമായി കൈമാറിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ