| Monday, 17th June 2019, 1:01 pm

'യുദ്ധം വേണ്ടെന്നാണ് ഞങ്ങളുടെ ആഗ്രഹം, പക്ഷേ ജനങ്ങള്‍ക്കു ഭീഷണിയായാല്‍ മടിച്ചുനില്‍ക്കില്ല' : ഇറാന് മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഒമാന്‍ തീരത്തിനുനേരെ നടന്ന ഓയില്‍ ടാങ്കര്‍ ആക്രമണത്തില്‍ സൗദി അറേബ്യയെ കുറ്റപ്പെടുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയ്ക്കുനേരെ ഉയരുന്ന ഏതെങ്കിലും തരത്തിലുള്ള ഭീഷണികളെ ചെറുക്കാന്‍ യാതൊരു മടിയും കാണിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

വ്യാഴാഴ്ചയാണ് ടാങ്കറുകള്‍ക്കുനേരെ ആക്രമണം നടന്നത്. യു.എസ്- ഇറാന്‍ ഉപരോധം ശക്തമായതിനു പിന്നാലെ ഈമാസമുണ്ടായ രണ്ടാമത്തെ ആക്രമണമാണ്.

‘ ഈ മേഖലയില്‍ ഒരു യുദ്ധത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ജനങ്ങള്‍ക്ക്, പരമാധികാരത്തിന്, അഖണ്ഡതയ്ക്ക്, സുപ്രധാന താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാവുന്ന എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഒന്നിനും മടക്കില്ല.’ അറബ് ദിനപത്രമായ അഷ്‌റഖ് അല്‍ അസ്‌വാത്തിന് നല്‍കിയ അഭിമുഖത്തില്‍ എം.ബി.എസ് പറഞ്ഞു.

‘ടെഹ്‌റാനില്‍ അതിഥിയായി ജാപ്പനീസ് പ്രധാനമന്ത്രിയുണ്ടെന്ന കാര്യം ഇറാനിയന്‍ ഭരണകൂടം മാനിച്ചില്ല. അദ്ദേഹത്തിന്റെ നയതന്ത്ര ഉദ്യമങ്ങളോട് രണ്ട് ടാങ്കറുകള്‍ ആക്രമിച്ചാണ് ഇറാന്‍ പ്രതികരിച്ചത്. അതിലൊന്ന് ജപ്പാനീസ് ടാങ്കറായിരുന്നു.’ ആക്രമണത്തിനുശേഷമുള്ള ആദ്യ പൊതുപ്രതകരണത്തില്‍ എം.ബി.എസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് ഒമാന്‍ ഉള്‍ക്കടലില്‍ ഇരു ടാങ്കറുകളും ആക്രമിക്കപ്പെട്ടത്. സ്‌ഫോടനത്തെതുടര്‍ന്ന് ഇരു കപ്പലുകള്‍ക്കും സാരമായ കേടുപറ്റിയിരുന്നു.

ടാങ്കര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുകയും മൈനുകള്‍ ഇറാന്‍ സൈന്യം നീക്കം ചെയ്യുന്നതായി അവകാശപ്പെടുന്ന വീഡിയോ പുറത്തിറക്കുകയും ചെയ്തിരുന്നു. ആക്രമണം മേഖലയില്‍ യുദ്ധത്തിനു കാരണമാകുമോ എന്ന ഭീതിയുണ്ട്. മേഖലയില്‍ അമേരിക്ക സൈനികശേഷി വര്‍ധിപ്പിക്കുകയാണ്.

We use cookies to give you the best possible experience. Learn more