റിയാദ്: ഇസ്രഈലുമായി സമാധാനക്കരാര്‍ ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍-ജുബൈര്‍. ഫലസ്തീനിയന്‍ സ്റ്റേറ്റിന് അംഗീകാരം നല്‍കിയാല്‍ മാത്രമേ സമാധാനക്കരാറുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്നാണ് സൗദി വ്യക്തമാക്കിയത്.
യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രഈലുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചത് അവരുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
കരാറിലൂടെ ഫലസ്തീനോടുള്ള ഇസ്രഈലിന്റെ നിലപാടിലും രാഷ്ട്രീയത്തിലും എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധിച്ചാല്‍ നന്നാകുമെന്നും അദ്ദേഹം പറഞ്ഞു.
” ഫലസ്തീന് വിഷയത്തിന് പരിഹാരമായാല്‍ മാത്രമേ ഇസ്രഈലുമായുള്ള സമധാന കരാര്‍ സൗദിയില്‍ നടക്കുകയുള്ളൂ,” ജുബൈര്‍ പറഞ്ഞു.
അറബ് സമാധന കരാര്‍ പ്രകാരം, രണ്ട് ഫലസ്തീനിയന്‍ സ്റ്റേറ്റ് ഉണ്ടാകണം എന്നത് തന്നെയാണ് സൗദിയുടെ നിലപാടെന്നും ജുബൈര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ കീഴില്‍ സൗദി-യു.എസ് ബന്ധത്തിന് ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് അറബ് രാഷ്ട്രങ്ങളുമായി ഇസ്രഈല്‍ നോര്‍മലൈസേഷന്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇസ്രഈലുമായുള്ള അറബ് രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടിനെതിരെ ഫലസ്തീന്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുന്നതിന് മുന്‍പ് പരമാവധി അറബ് രാജ്യങ്ങളെ ഇസ്രഈലുമായി അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയതിന്റെ ഭാഗമായായിരുന്നു നാല് അറബ് രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പുവെച്ചത്.