|

ഖഷോഗ്ജി വധക്കേസിലെ നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് മേല്‍ സൗദി സമ്മര്‍ദ്ദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ അഹ്മദ് ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തുര്‍ക്കി കോടതിയില്‍ നിലവിലുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് മേല്‍ സൗദിയുടെ സമ്മര്‍ദ്ദം. നിലവിലുള്ള രണ്ട് കോര്‍ട്ട് ആക്ഷനുകള്‍ അവസാനിപ്പിക്കാനാണ് സമ്മര്‍ദ്ദം.

വരുന്ന ആഴ്ചയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയിബ് എര്‍ദോഗന്‍ സൗദി സന്ദര്‍ശിക്കാനിരിക്കെയാണ് വിവിധ സ്രോതസുകളെ ഉദ്ദരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കൊലപാതകക്കേസിലെ നിയമപരമായ കാര്യങ്ങള്‍ ക്ലോസ് ചെയ്യാതിരിക്കാന്‍ അമേരിക്കയുടെ ഇടപെടലുണ്ടെന്നും ഇതിന് അനുമതി നല്‍കുന്നതിനും തുടക്കത്തില്‍ തന്നെ കേസ് ക്ലോസ് ചെയ്യാതിരിക്കുന്നതിലും എര്‍ദോഗന് മേല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം,ബി.എസ്) പഴി ചാരുന്നുണ്ടെന്നും വിവിധ വൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.

”എം.ബി.എസിനെ സംബന്ധിച്ചിടത്തോളം എല്ലാം ഖഷോഗ്ജിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അദ്ദേഹം അതില്‍ ഒബ്‌സസ്ഡ് ആണ്. അത് വ്യക്തിപരമാണ്.

തുടക്കത്തില്‍ തന്നെ കേസുകള്‍ അവസാനിപ്പിക്കാതിരുന്നതിലും അമേരിക്കയെ വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നതിലും എം.ബി.എസ് എര്‍ദോഗനെ കുറ്റപ്പെടുത്തുകയാണ്,” റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖഷോഗ്ജി കൊലപാതകക്കേസ് സൗദിയിലേക്ക് മാറ്റണമെന്ന തുര്‍ക്കി പ്രോസിക്യൂട്ടറുടെ ആവശ്യം അംഗീകരിക്കുമെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി ബെക്കിര്‍ ബോസ്ഡാഗ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.

പ്രതികളായ 26 സൗദി പൗരന്മാരുടെ അസാന്നിധ്യം കാരണം ഇസ്താംബൂളിലെ വിചാരണ നിര്‍ത്തിവെക്കാനും അത് സൗദിയിലേക്ക് മാറ്റാനും തുര്‍ക്കി പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് നീതിന്യായ മന്ത്രിയുടെ പ്രതികരണം വന്നത്. എന്നാല്‍ തുര്‍ക്കിയുടെ തീരുമാനത്തിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

തുര്‍ക്കിയിലെ കോടതി വിചാരണയ്ക്കിടെ, 26 പ്രതികള്‍ക്ക് നോട്ടീസ് പുറപ്പെടുവിക്കുകയും 20 പേരെ കൈമാറാന്‍ തുര്‍ക്കി സൗദിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ അഭ്യര്‍ത്ഥനകളും നിരസിച്ച സൗദി തുര്‍ക്കിയിലെ നടപടികള്‍ നിര്‍ത്തിവെച്ച് വിചാരണ സൗദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സൗദി അറേബ്യന്‍ ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ചിരുന്ന ഖഷോഗ്ജിയെ 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളായിരുന്നു ഖഷോഗ്ജിയെ വധിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനേയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനേയും നിരന്തരം വിമര്‍ശിക്കുകയും സൗദിയുടെ യമന്‍ ഇടപെടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നയാളായിരുന്നു ഖഷോഗ്ജി.

കൊലപാതകത്തില്‍ തുര്‍ക്കി അന്വേഷണം ആരംഭിച്ചത് മുതല്‍ തന്നെ സൗദി- തുര്‍ക്കി ബന്ധം വഷളായിത്തുടങ്ങിയിരുന്നു. തുര്‍ക്കി ഉല്‍പന്നങ്ങള്‍ സൗദി ബഹിഷ്‌കരിച്ചിരുന്നു.

Content Highlight: Saudi Arabia pressuring Turkey to shut down lawsuits in Journalist Jamal Khashoggi murder case