ക്രിസ്ത്യന്‍, ജൂത പുരോഹിതരുമായി ചര്‍ച്ച നടത്തി സൗദി
Gulf
ക്രിസ്ത്യന്‍, ജൂത പുരോഹിതരുമായി ചര്‍ച്ച നടത്തി സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 1:29 pm

റിയാദ്: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍, ജൂത, ഇസ്‌ലാം പുരോഹിതരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഇന്റര്‍ഫെയ്ത്ത് ഫോറത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിര്‍ച്വലായാണ് യോഗം ചേര്‍ന്നത്.

ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഇത്തരമൊരു പരിപാടി നടത്തിയത്. മത സൗഹാര്‍ദ്ദത സംബന്ധിച്ച് ആഗോളതലത്തില്‍ സൗദിക്ക് നേരെ നിലനില്‍ക്കുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജി 20 ഉച്ചകോടിക്ക് സൗദി അധ്യക്ഷത വഹിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നു വരാനിടയുള്ള സമാന വിമര്‍ശനങ്ങളും കൂടി മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച് ദിവസമാണ് ഇന്റര്‍ഫെയ്ത്ത് ഫോറം നടത്തുന്നത്, ‘മുസ്‌ലിം, ക്രിസ്ത്യന്‍, ജൂത, ബുദ്ധ, ഹിന്ദു മതങ്ങള്‍ തമ്മിലുള്ള ബന്ധത്തെപറ്റിയാണ് നമ്മള്‍ സംസാരിക്കുന്നത്. ഈ ചര്‍ച്ചയ്ക്ക് രാഷ്ട്രീയ അജണ്ടയില്ല,’ സൗദിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ ഡയലോഗ് സെന്റര്‍ ചീഫ് പി.ടി.ഐയോട് പറഞ്ഞു.

നേരത്തെ റിയാദില്‍ വെച്ച് ഈ ഫോറം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

സൗദി മതകാര്യ മന്ത്രി, സൗദി ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍, ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി, കോണ്‍സ്റ്റാന്റിനിപ്പോള്‍ ന്യൂ റോമിലെ ആര്‍ച്ച് ബിഷപ്പ്, ജൂത പുരോഹിതര്‍, ഒപ്പം യു.എന്‍ പ്രതിനിധികള്‍ എന്നിവരാണ് ഇന്റര്‍ഫെയ്ത്ത് ഫോറത്തിന്റെ ആദ്യ ദിനത്തില്‍ പങ്കെടുത്തത്.

നവംബര്‍ 21-22 തിയ്യതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ ആഗോള തലത്തില്‍ ഉണ്ടായ തളര്‍ച്ചയെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഇത്തവണത്തെ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saudi Arabia presides over G20 interfaith forum