റിയാദ്: ഹൈഡ്രജന്‍ വിതരണത്തിലും കയറ്റുമതിയിലും സൗദി അറേബ്യയ്ക്ക് ഒന്നാമതെത്തണമെന്ന് രാജ്യത്തെ ഊര്‍ജ വിഭാഗം മന്ത്രി അബ്ദുലസീസ് ബിന്‍ സല്‍മാന്‍ അല്‍-സൗദ് രാജകുമാരന്‍.
ലോകത്തില്‍ ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഹൈഡ്രജന്‍ കയറ്റുമതിയിലും ഈ നേട്ടം സ്വന്തമാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്.
2030 ഓടുകൂടി ഏകദേശം 40 ലക്ഷം ടണ്‍ ഹൈഡ്രജന്‍ നിര്‍മിച്ച് കയറ്റിയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൈഡ്രജന്‍ കയറ്റുമതിയും മാര്‍ക്കറ്റും കച്ചവടവുമായി ബന്ധപ്പെട്ട കരാറുകള്‍ക്കും അതുവഴി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സൗദി ശ്രമിക്കുന്നുണ്ടെന്ന് ദേശീയ ഓയില്‍ കമ്പനി ‘ആരാംകോ’യുടെ ചീഫ് എക്‌സിക്യൂട്ടീവ് അമിന്‍ നാസെറും മുന്‍പ് പറഞ്ഞിരുന്നു.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള നിക്ഷേപങ്ങളിലെ ഇളവുകളിലും പുനരുല്‍പാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസുകളിലും ലോക ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയം കൂടിയാണ് ഇത്. ഈ സാഹചര്യത്തില്‍ സൗദിയുടെ നീക്കങ്ങള്‍ നിര്‍ണായകമാവും.
എണ്ണ, ഹൈഡ്രജന്‍ എന്നിവയ്ക്ക് പുറമേ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിലേയ്ക്കും കടക്കാന്‍ രാജ്യം പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി അബ്ദുലസീസ് ബിന്‍ സല്‍മാന്‍ അല്‍-സൗദ് പറഞ്ഞു.