| Wednesday, 11th April 2018, 9:54 am

ഖത്തറിനെ ദ്വീപാക്കി 'മുറിച്ച് മാറ്റി' ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യയുടെ പദ്ധതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ അവശേഷിക്കുന്ന കരഭാഗത്ത് കനാല്‍ കുഴിച്ച് രാജ്യത്തെ “മുറിച്ച് മാറ്റി” ദ്വീപാക്കാന്‍ സൗദി അറേബ്യയുടെ പദ്ധതി. അവശേഷിക്കുന്ന സൗദി ഭാഗത്ത് ആണവ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നിടമായും സൈനിക കേന്ദ്രമാക്കി മാറ്റാനുമാണ് നീക്കമെന്ന് സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദിയും സഖ്യരാഷ്ട്രങ്ങളും ഒരു വര്‍ഷത്തോളമായി തുടരുന്ന നടപടികളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി. എന്നാല്‍ പദ്ധതിക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.


Read Also: ‘തനിക്കെതിരെ പാര്‍ട്ടി സമ്മേളനത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്താന്‍ പാര്‍ട്ടി തന്നെ നേതൃത്വം നല്‍കി’; സി.പി.ഐ സംസ്ഥാന നേതൃത്വത്തിനെതിരെ കെ.ഇ ഇസ്മയില്‍


സൗദി പത്രമായ സാബഖും അല്‍ റിയാദുമാണ് തിങ്കളാഴ്ച വാര്‍ത്ത പുറത്ത് വിട്ടത്. ഖത്തര്‍ അതിര്‍ത്തിയില്‍ കനാല്‍ നിര്‍മ്മിക്കുമെന്നും അതിര്‍ത്തി പ്രദേശത്ത് ഒരു ഭാഗം സൈനിക കേന്ദ്രമാക്കാനും മറുഭാഗത്ത് ആണവാവശിഷ്ടം നിക്ഷേപിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ അതിര്‍ത്തിക്ക് സമീപം യു.എ.ഇയും ആണവാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനുള്ള കേന്ദ്രം നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സാല്‍വാ മറൈന്‍ എന്ന് പേരിട്ട കനാലിന്റെ പണി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്നും സൂയസ് കനാല്‍ പണിത കമ്പനിയെത്തന്നെ കരാര്‍ ഏല്‍പ്പിക്കാനാണ് സാധ്യതയെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി, എമിറേറ്റ്‌സ് നിക്ഷേപകരാണ് കനാല്‍ നിര്‍മ്മിക്കാനുള്ള നിക്ഷേപം നടത്തുക.


Read Also: മലയാളികളുടെ ‘അങ്കിളാവാന്‍’ വീണ്ടും മാസ് ലുക്കില്‍ മമ്മൂട്ടിയെത്തുന്നു; അങ്കിളിന്റെ ടീസര്‍ പുറത്ത്…വീഡിയോ


200 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവുമുള്ള കനാലിന് ഖത്തര്‍ അതിര്‍ത്തിയോളം നീളമുണ്ടാവും. 750 മില്ല്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കനാലിന്റെ തീരത്ത് റിസോര്‍ട്ടുകളും പ്രൈവറ്റ് ബീച്ചുകളും തുടങ്ങാനും ജലഗതാഗതം ആരംഭിക്കാനും പദ്ധതിയുണ്ട്.

ഖത്തറിനെതിരെ സൗദിയും സഖ്യ രാഷ്ട്രങ്ങളായ യു.എ.ഇ, ബഹ്‌റൈന്‍, മൗറിത്തനിയ, ഈജിപ്ത് എന്നീ രാജ്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തര്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹിസ്ബുല്ലയെയും പിന്തുണയ്ക്കുന്നുണ്ടെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സൗദി ആരോപണമുന്നയിച്ചാണ് ഉപരോധം.

We use cookies to give you the best possible experience. Learn more