| Friday, 31st December 2021, 5:01 pm

കൊവിഡ് ഭീതി: മക്കയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: കൊവിഡ് വ്യാപനം ഭീതിപടര്‍ത്തുന്നതിനിടയില്‍ മക്കയില്‍ നിയന്ത്രണം കര്‍ശനമാക്കനൊരുങ്ങി സൗദി. സാമൂഹ്യ അകലമടക്കമുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് പുതിയ നിര്‍ദേശം.

സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ടി അടയാളങ്ങളും മക്കയിലെ പള്ളിയില്‍ ഒരുക്കുന്നുണ്ട്. നേരത്തെ, കൊവിഡ് വ്യാപനം കുറഞ്ഞ സമയത്ത്, ഒക്ടോബര്‍ 17ന് ഈ അടയാളങ്ങളെല്ലാം മായ്ച്ച് കളഞ്ഞിരുന്നു.

തീര്‍ത്ഥാടകര്‍ തമ്മിലും, തീര്‍ത്ഥാടകരും പള്ളിയും തമ്മിലും നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിച്ചിരിക്കണമെന്നാണ് അധികാരികള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഒരേ സമയം എത്രയാളുകള്‍ക്ക് വരെ പള്ളിയില്‍ പ്രവേശിക്കാം എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും അവര്‍ വ്യക്തമാക്കിയിട്ടില്ല.

പള്ളിയുടെ ഉള്ളിലും പുറമെയും കഅബയ്ക്ക് സമീപവും മാസ്‌കും സാമൂഹ്യ അകലവും ഉണ്ടായിരിക്കണമെന്നാണ് സൗദി രാജവംശം അറിയിച്ചിരുന്നു.

സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. 5,54,000ത്തോളം കേസുകളാണ് സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മറ്റേത് ഗള്‍ഫ് രാജ്യങ്ങളെക്കാളും ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും സൗദിയില്‍ തന്നെയാണ്. 8,878 മരണമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം 744 കൊവിഡ് കേസുകളായിരുന്നു സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആഗസ്റ്റിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവുമുയര്‍ന്ന നിരക്കാണ് ബുധനാഴ്ചത്തേത്.

നേരത്തെ, പൗരന്‍മാര്‍ക്ക് മൂന്നാമത്തെ ഡോസ് വാക്‌സിന്‍ (ബൂസ്റ്റര്‍ ഡോസ്) വിതരണം ചെയ്യുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്.

കൊവിഡിന് പുറമെ ഒമിക്രോണ്‍ വ്യാപനവും കണക്കിലെടുത്ത് ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് സൗദിയിലെ ആരോഗ്യമന്ത്രാലയമായ വെഖായ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനം മൂലം മക്കയില്‍ തീര്‍ത്ഥാടനം നടക്കാത്തത് രാജ്യത്തെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. മക്ക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വര്‍ഷാവര്‍ഷം 12 ബില്യണ്‍ ഡോളറായിരുന്നു സൗദിക്ക് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Saudi Arabia on Thursday reimpose social distancing measures at the Grand Mosque in Mecca

We use cookies to give you the best possible experience. Learn more