| Thursday, 14th July 2022, 1:31 pm

ഇനി കളികള്‍ അറബ് നാട്ടില്‍; റൊണാള്‍ഡോക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫര്‍ നല്‍കി അറേബ്യന്‍ ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്ത് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളാണ് പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. താന്‍ ടീമില്‍ കൊണ്ടുവരുന്ന ഇംപാക്റ്റും ഗെയ്മുമാണ് അദ്ദേഹത്തിന്റെ വിലകൂടാനുള്ള കാരണം.

കുറച്ചു നാളുകളായി അദ്ദേഹം നിലവിലെ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംതൃപ്തനല്ലെന്നും ടീമില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നു എന്നുമുള്ള വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റു് പ്രധാന ക്ലബ്ബുകളൊന്നും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ തയ്യാറായില്ല.

എന്നാല്‍ ഇപ്പോഴിതാ റൊണാള്‍ഡോക്ക് ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സൗദി അറേബ്യയില്‍ നിന്നുള്ള ക്ലബ്ബ്. പോര്‍ച്ചുഗീസ് മാധ്യമമായ സി.എന്‍.എന്‍ പോര്‍ച്ചുഗലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഏതു ക്ലബ്ബാണ് ഓഫര്‍ നല്‍കിയതെന്ന കാര്യം വ്യക്തമല്ലെന്നും പറയുന്നു.

റൊണാള്‍ഡോ ഓഫര്‍ സ്വീകരിച്ചാല്‍ മുപ്പതു മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കാന്‍ സൗദി ക്ലബ് തയ്യാറാണ്. യുവന്റസില്‍ നിന്നും റൊണാള്‍ഡോയെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെവഴിച്ചതിനേക്കാള്‍ കൂടുതലാണ് ഈ തുക. ഏജന്റ് ഫീസായി ഇരുപതു മില്യണ്‍ യൂറോ വേറെ നല്‍കാനും സൗദി അറേബ്യന്‍ ക്ലബ്ബ് തയ്യാറാണ്.

ഇതിനു പുറമെ താരത്തിന് വമ്പന്‍ പ്രതിഫലമാണ് ക്ലബ്ബ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ 105 മില്യണ്‍ പൗണ്ട് എന്ന കണക്കില്‍ 210 മില്യണ്‍ പൗണ്ട് പ്രതിഫലം നല്‍കുന്ന രണ്ടു വര്‍ഷത്തെ കരാറാണ് മുപ്പത്തിയേഴു വയസുള്ള റൊണാള്‍ഡോക്ക് ക്ലബ്ബ് നല്‍കിയിരിക്കുന്ന ഓഫര്‍.

കഴിഞ്ഞ സമ്മറിലാണ് റൊണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയത്. തന്റെ പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തി ടീമിന്റെ ടോപ് സ്‌കോററായി താരം സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഇതാണ് റൊണാള്‍ഡോയെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ആഗ്രഹമുണ്ടെങ്കിലും സൗദി അറേബ്യയില്‍ നിന്നുള്ള ഓഫര്‍ റൊണാള്‍ഡൊ നിരസിക്കും എന്നുറപ്പാണ്. യൂറോപ്പില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുകയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിലെത്താനാണ് സാധ്യത.

Content Highlights: Saudi Arabia offered contract to Ronaldo of massive 250 million

We use cookies to give you the best possible experience. Learn more