| Saturday, 23rd September 2023, 4:09 pm

ഹബീബികളേ ക്രിക്കറ്റ് അല്‍പം മുറ്റാ; എത്ര കഷ്ടപ്പെട്ട് കളിച്ചിട്ടും ഒന്നും നടക്കുന്നില്ലല്ലോ

സ്പോര്‍ട്സ് ഡെസ്‌ക്

2023 മെന്‍സ് ഗള്‍ഫ് ടി-20 ചാമ്പ്യന്‍ഷിപ്പില്‍ ഒറ്റ മത്സരം പോലും ജയിക്കാന്‍ സാധിക്കാതെ സൗദി അറേബ്യ. കളിച്ച അഞ്ച് മത്സരവും പരാജയപ്പെട്ട് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായാണ് സൗദി തലകുനിച്ച് നില്‍ക്കുന്നത്.

ടൂര്‍ണമെന്റിലെ പല മത്സരത്തിലും ജയത്തിന് തൊട്ടടുത്തെത്തിയ ശേഷമാണ് സൗദി അറേബ്യ പരാജയപ്പെട്ടത്.

സെപ്റ്റംബര്‍ 15നാണ് ഗള്‍ഫ് ടി-20 ചാമ്പ്യന്‍ഷിപ്പില്‍ സൗദി ആദ്യ മത്സരത്തിനിറങ്ങിയത്. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുവൈറ്റായിരുന്നു എതിരാളികള്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗദി ഫൈസല്‍ ഖാന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. 143 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ കുവൈറ്റ് ഒമ്പത് പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

41 പന്തില്‍ 58 റണ്‍സ് നേടിയ രാവിജ സന്ദരുവനാണ് കുവൈറ്റ് ഇന്നിങ്‌സില്‍ തുണയായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ അദ്‌നാന്‍ ഇഗ്രീസായിരുന്നു കളിയിലെ താരം.

സെപ്റ്റംബര്‍ 17ന് നടന്ന മത്സരത്തില്‍ യു.എ.ഇയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട സൗദി തൊട്ടടുത്ത ദിവസം ബഹ്‌റൈനോട് ഏഴ് വിക്കറ്റിനും പരാജയപ്പെട്ടു.

ആദ്യ മൂന്ന് മത്സരത്തിലും ആദ്യം ബാറ്റ് ചെയ്ത ശേഷമാണ് സൗദി പരാജയപ്പെട്ടതെങ്കില്‍ നാലാം മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്തും സൗദി പരാജയമേറ്റുവാങ്ങി. ഇത്തവണ ഒമാനാണ് സൗദിയെ കെട്ടുകെട്ടിച്ചത്. ആദ്യ മൂന്ന് മത്സരത്തിലും ടോസ് നേടിയ സൗദി ബാറ്റിങ്ങായിരുന്നു തെരഞ്ഞെടുത്തതെങ്കില്‍ ഇത്തവണ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാന്‍ തകര്‍ത്തടിച്ചു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. 45 പന്തില്‍ 64 റണ്‍സടിച്ച നസീം ഖുഷിയാണ് ടോപ് സ്‌കോറര്‍. 120 പന്തില്‍ 176 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗദിക്ക് അവിടെയും പിഴച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമാണ് സൗദിക്ക് നേടാന്‍ സാധിച്ചത്. 47 റണ്‍സിനായിരുന്നു തോല്‍വി.

ഖത്തറിനോടായിരുന്നു സൗദിയുടെ അടുത്ത തോല്‍വി. സെപ്റ്റംബര്‍ 21ന് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു സൗദി പരാജയം സമ്മതിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗദി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സടിച്ചപ്പോള്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ഖത്തര്‍ വിജയലക്ഷ്യം മറികടന്നു.

ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും വിജയിക്കാത്ത ഏക ടീമാണ് സൗദി അറേബ്യ. കളിച്ച കളിയിലൊന്നും ജയിക്കാന്‍ സാധിച്ചില്ലെങ്കിലും പല താരങ്ങളുടെയും വ്യക്തിഗത പ്രകടനങ്ങളാണ് ടീമിനും ആരാധകര്‍ക്കും ആശ്വസിക്കാനുള്ള ഏക വക നല്‍കിയത്.

ഐ.സി.സി ടി-20 ലോകകപ്പിന്റെ ഏഷ്യന്‍ ക്വാളിഫയറിലാണ് സൗദി ഇനി കളിക്കുക. സെപ്റ്റംബര്‍ 28ന് ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മാല്‍ദീവ്‌സാണ് എതിരാളികള്‍.

Content highlight: Saudi Arabia lost every match of 2023 Men’s Gulf T20I Championship

We use cookies to give you the best possible experience. Learn more