| Wednesday, 14th September 2022, 12:04 pm

'മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിക്ക് വേണ്ടി വഴിമാറി കൊടുത്തില്ല'; ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയായ നിയോം മെഗാസിറ്റിയുടെ നിര്‍മാണത്തിന് വേണ്ടി സ്ഥലം മാറിക്കൊടുക്കാതിരുന്ന ഗോത്ര വര്‍ഗക്കാര്‍ക്ക് 50 വര്‍ഷം തടവുശിക്ഷ.

ഹൊവെയ്റ്റാറ്റ് (Howeitat) ഗോത്രത്തില്‍ നിന്നുള്ള അബ്ദുല്ല അല്‍ ഹൊവൈറ്റി (Abdulilah al- Howeiti), അദ്ദേഹത്തിന്റെ ബന്ധു അബ്ദുല്ല ദുഖൈല്‍ അല്‍ ഹൊവൈറ്റി (Abdullah Dukhail al- Howeiti) എന്നിവരെയാണ് സൗദി ഭരണകൂടം 50 വര്‍ഷം തടവിന് വിധിച്ചത്. സൗദിയിലെ താബൂക് പ്രവിശ്യയിലാണ് ഹൊവെയ്റ്റാറ്റ് ഗോത്രവിഭാഗം കഴിയുന്നത്.

ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ Alqst ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുവരുടെയും കുടുംബം നിയോം സിറ്റിയുടെ നിര്‍മാണത്തിന്റെ ഭാഗമായി താബൂക് പ്രവിശ്യയിലെ തങ്ങളുടെ വീടുകളില്‍ നിന്നും നിര്‍ബന്ധിതമായി കുടിയൊഴിഞ്ഞുപോകാനും നാടുവിടാനും കൂട്ടാക്കാതിരിക്കുകയും നിര്‍മാണ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് ഇരുവരെയും ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ അമ്പത് വര്‍ഷത്തെ യാത്രാ വിലക്കും വിധിച്ചിട്ടുണ്ട്.

പ്രദേശത്ത് നിന്നും ഹൊവെയ്റ്റാറ്റ് വിഭാഗത്തെ പുറത്താക്കി മെഗാസിറ്റിക്ക് വഴിയൊരുക്കുന്നതിന് വേണ്ടി ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്തേക്കുള്ള ജല- വൈദ്യുതി സേവനങ്ങള്‍ സൗദി അധികാരികള്‍ വെട്ടിക്കുറയ്ക്കുകയും ഡ്രോണുകള്‍ വഴി അവരെ നിരീക്ഷിക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചതും.

ഓഗസ്റ്റിലായിരുന്നു സ്‌പെഷ്യലൈസ്ഡ് ക്രിമിനല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ ഇവരുടെ കേസുകളിലെ വിധി പുറപ്പെടുവിച്ചത്.

ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക- നിക്ഷേപ പദ്ധതിയായ നിയോം സിറ്റി സൗദിയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ താബൂക്കിലാണ് നിര്‍മിക്കുന്നത്. സ്മാര്‍ട് സിറ്റി ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ നഗരം ലോക ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കാനാണ് സൗദി പദ്ധതിയിടുന്നത്.

500 ബില്യണ്‍ ഡോളറിന്റെ പദ്ധതിക്ക് അഞ്ച് വര്‍ഷം മുമ്പ്, 2017ലായിരുന്നു ഔദ്യോഗികമായി തുടക്കമിട്ടത്.

അതേസമയം, സൗദി അറേബ്യയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും മറ്റും നീണ്ട വര്‍ഷത്തെ തടവിന് ശിക്ഷിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നതില്‍ വിവിധ കോണുകളില്‍ നിന്നും ആശങ്കയുയരുന്നുണ്ട്.

Content Highlight: Saudi Arabia jails two tribesmen for 50 years for rejecting displacement as part of Neom Mega city project 

Latest Stories

We use cookies to give you the best possible experience. Learn more