| Wednesday, 23rd June 2021, 9:37 am

ക്ഷമ വേണം, സമയമെടുക്കും; ഇറാനുമായുള്ള സൗഹൃദം കാര്യങ്ങള്‍ മനസിലാക്കി മാത്രമെന്ന് സൗദി വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ശേഷമേ ഇറാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുകയുള്ളുവെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ഇറാനില്‍ ഇബ്രാഹിം റെയ്‌സി പ്രസിഡന്റായി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സൗദിയുടെ പ്രതികരണം.

അധികാരത്തിലെത്തിയതിന് പിന്നാലെ അറബ് രാജ്യങ്ങളുമായുള്ള സഹകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന റെയ്‌സിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിന്‍സ് ഫൈസല്‍.

‘ഇറാന്റെ വിദേശനയം അവരുടെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയുടെ ആശയങ്ങളില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ കുറച്ചുകൂടി വ്യക്തത വരുത്തിയ ശേഷം മാത്രമെ തീരുമാനമുണ്ടാകുകയുള്ളു. പുതിയ ഇറാന്‍ സര്‍ക്കാരിനെ വിലയിരുത്തിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കും,’ പ്രിന്‍സ് ഫൈസല്‍ പറഞ്ഞു.

ഇറാന്റെ ആണവനയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആശങ്കയുണ്ടെന്നും പ്രിന്‍സ് ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ കണ്ടെത്തിയ അളവറ്റ യുറേനിയം നിക്ഷേപങ്ങളെക്കുറിച്ചുള്ള യു.എന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈസലിന്റെ പരാമര്‍ശം.

2016ല്‍ മുസ്‌ലിം ഷിയ പണ്ഡിതന്റെ വധവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇറാന്‍-സൗദി ബന്ധങ്ങളില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇറാനിലെ സൗദി എംബസി 2016 ല്‍ തന്നെ അടയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ടെഹ്‌റാനിലെ സൗദി എംബസി വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് അധികാരത്തിലെത്തിയതിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞിരുന്നു.

‘സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു. ഇറാനിലെ സൗദി എംബസികള്‍ തുറക്കുന്നതില്‍ യാതൊരു തടസ്സവുമില്ല,’ എന്നാണ് റെയ്‌സി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Saudi Arabia-Iran Diplomatic Relationship Would Take Time Says Saudi Foreign Ministry

We use cookies to give you the best possible experience. Learn more