സൗദി സര്‍ക്കാരിനെ കുറിച്ച് 'നല്ലത് മാത്രം പറയിപ്പിക്കാന്‍' വിക്കിപീഡിയില്‍ എഡിറ്റര്‍മാരെ തിരുകിക്കയറ്റി; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
World News
സൗദി സര്‍ക്കാരിനെ കുറിച്ച് 'നല്ലത് മാത്രം പറയിപ്പിക്കാന്‍' വിക്കിപീഡിയില്‍ എഡിറ്റര്‍മാരെ തിരുകിക്കയറ്റി; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th January 2023, 11:44 pm

റിയാദ്: വിക്കിപീഡിയയില്‍ സര്‍ക്കാര്‍ ഏജന്റുമാരെ ഉദ്യോഗസ്ഥരായി നിയമിച്ചുകൊണ്ട് സൗദി അറേബ്യ കണ്ടന്റുകള്‍ക്ക് മേല്‍ നിയന്ത്രണം നടത്തിയതായി റിപ്പോര്‍ട്ട്. ഡെമോക്രസി ഫോര്‍ ദ അറബ് വേള്‍ഡ് നൗ (Democracy for the Arab World Now (DAWN), ബെയ്‌റൂട്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.എം.ഇ.എക്‌സ്(SMEX) എന്നീ സംഘടനകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിക്കിപീഡിയയുടെ പാരന്റ് കമ്പനിയായ വിക്കിമീഡിയ സൗദി അറേബ്യയിലെ എല്ലാ അഡ്മിനിസ്‌ട്രേറ്റര്‍മാരെയും ഡിസംബറില്‍ പുറത്താക്കിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. വിക്കിപീഡിയയുടെ സൗദിയിലെ ഓഫീസുകളിലെ ഏറ്റവും ഉയര്‍ന്ന സംവിധാനങ്ങളിലേക്ക് സൗദി സര്‍ക്കാര്‍ നുഴഞ്ഞുകയറിയതായി വിക്കിമീഡിയ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നുമാണ് ഡോണും എസ്.എം.ഇ.എക്‌സും അവകാശപ്പെടുന്നത്.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി സ്ഥാപിച്ച വാഷിങ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഡോണ്‍. അറബ് ലോകത്തെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന സംഘടനമാണ് എസ്.എം.ഇ.എക്‌സ്.

വിക്കിപീഡിയയിലെ വിസില്‍ബ്ലോവേഴ്‌സുമായും(whistleblowers) സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി തുറന്നെഴുതിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റര്‍മാരുമായും സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് തങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നതെന്നാണ് ഇരു സംഘടനകളും അറിയിച്ചിരിക്കുന്നത്.

2022 ജനുവരിയിലാണ് വിക്കിമീഡിയ കണ്ടന്റില്‍ വരുന്ന എഡിറ്റിങ്ങില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണം ആരംഭിക്കുന്നത്. ഇതിന് പിന്നാലെ വിക്കിപീഡീയയില്‍ കണ്ടന്റ് കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (MENA -Middle East and North Africa) റീജിയണിലെ 16 യൂസര്‍മാര്‍ക്ക് ആഗോള തലത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി പല എഡിറ്റുകളും പേജുകളില്‍ നടക്കുന്നുവെന്ന് കണ്ടെത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നുമാണ് വിക്കിമീഡിയ ഡിസംബറില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ‘പുറത്തുനിന്നുള്ള ചിലരുടെ ആവശ്യാനുസരണവും അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി ചിലര്‍ വിക്കിപീഡിയയില്‍ എഡിറ്റിങ് നടത്തിയിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതെല്ലാം സമാന രീതിയിലുള്ളതായിരുന്നു,’ എന്നായിരുന്നു വിക്കിമീഡിയയുടെ പ്രസ്താവന.

വിലക്ക് ഏര്‍പ്പെടുത്തിയ 16 പേര്‍ ആരാണെന്നോ, ഏത് റീജിയണില്‍ നിന്നോ രാജ്യത്ത് നിന്നോ ഉള്ളവരാണെന്നോ ഈ പ്രസ്താവനയില്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ 16 പേരും സൗദി അറേബ്യയിലെ വിക്കിപീഡിയയുടെ എഡിറ്റോറിയില്‍ ടീമിന്റെ ഭാഗമായിരുന്നുവെന്നാണ് ഡോണും എസ്.ഇ.എം.എക്‌സും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്.

സര്‍ക്കാരിന് പോസിറ്റീവ് ഇമേജ് നല്‍കുന്ന കണ്ടന്റ് നല്‍കുന്നതിനും രാഷ്ട്രീയതടവുകാരെ കുറിച്ചോ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ ആയ കണ്ടന്റുകള്‍ തടയുന്നതിനും വേണ്ടിയായിരുന്നു സൗദി സര്‍ക്കാരിന്റെ ഏജന്റുമാരായ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് വിക്കിമീഡിയ രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പൂര്‍ണമായും കൃത്യതയുള്ളതാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ വിലക്കേര്‍പ്പെടുത്തിയവരില്‍ ചിലര്‍ സൗദിയില്‍ നിന്നുള്ളവരായിരിക്കാം എന്നുമാണ് വിക്കിമീഡിയ പറഞ്ഞിരിക്കുന്നത്. സൗദി സര്‍ക്കാര്‍ വിക്കിപീഡിയ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറിയതായി തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും വിക്കിമീഡിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗദി സര്‍ക്കാര്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Content Highlight: Saudi Arabia infiltrated Wikipedia to control content, new report emerges