| Saturday, 11th November 2023, 9:36 pm

'ഇസ്രഈലി അധിനിവേശം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണം'; റിയാദിൽ അറബ് രാജ്യങ്ങളുടെ 'അസാധാരണ' ഉച്ചകോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ നിലപാടുകൾ ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടക്കുന്ന അറബ് രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയാണ് റിയാദിൽ നടന്നുകൊണ്ടിരിക്കുന്നത്. അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ സംയുക്തമായി ഗസ വിഷയം ചർച്ച ചെയ്യാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത് എന്നത് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.

ഇറാൻ, തുർക്കി, സിറിയ, ഈജിപ്‌ത്, ഇറാഖ് തുടങ്ങി 22 രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സൗദി-ഇറാൻ ബന്ധം പുനസ്ഥാപിച്ച ശേഷം ആദ്യമായാണ് ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹീം റഈസ് സൗദിയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഫലസ്തീനിൽ സ്ഥിരത കൈവരിക്കാനുള്ള ഏക മാർഗം ഇസ്രഈലി അധിനിവേശവും നയങ്ങളും അവസാനിപ്പിക്കുക എന്നതാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ പറഞ്ഞു.

‘അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ ആക്രമണങ്ങൾക്ക് തടയിടുന്നതിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷാ കൗൺസിലും പരാജയപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കപ്പെടുന്നത്,’ സൽമാൻ രാജകുമാരൻ പറഞ്ഞു.

1967ൽ സ്ഥാപിക്കപ്പെട്ട ഫലസ്തീനികളുടെ അവകാശങ്ങൾ പുനസ്ഥാപിച്ച് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു.

കൊലപാതകവും നിർബന്ധിച്ച് കുടിയിറക്കലുമുൾപ്പെടെ ഇസ്രഈൽ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഈജിപ്‌ത്യൻ പ്രസിഡന്റ്‌ അബ്ദെൽ ഫത്താഹ് എൽ സിസി പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങൾക്കും അതീതമാണ് ഇസ്രഈൽ എന്ന രീതിയിൽ അന്താരാഷ്ട്ര സമൂഹം എത്രകാലം മുന്നോട്ട് പോകുമെന്ന് ഖത്തർ രാജാവ് തമീം ബിൻ ഹമദ് അൽ തനി ചോദിച്ചു.

ഇസ്രഈൽ ഉടൻ വെടിനിർത്തണമെന്നും ഗസയിലെ ഉപരോധം അവസാനിപ്പിക്കണമെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രഈലിനെതിരെ നടപടികൾ സ്വീകരിക്കാൻ മുന്നോട്ട് വരുന്നില്ലെന്ന് വിമർശനമുണ്ട്.

CONTENT HIGHLIGHT: Saudi Arabia hosts Arab-Islamic summit to ‘unify efforts’ on Gaza

Latest Stories

We use cookies to give you the best possible experience. Learn more