റിയാദ്: ഗസയിലെ റഫ മേഖലയില്‍ ഇസ്രഈലി ഭരണകൂടം നടത്താന്‍ ഉദ്ദേശിക്കുന്ന ആക്രമണത്തില്‍ മുന്നറിയിപ്പുമായി സൗദി അറേബ്യ. ഇസ്രഈല്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം സൈന്യം റഫയില്‍ ആക്രമണം നടത്തിയാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് സൗദി അറേബ്യ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണത്തില്‍ പതിനായിരക്കണക്കിന് വരുന്ന ഫലസ്തീനികള്‍ അഭയം പ്രാപിച്ചിരിക്കുന്നത് റഫ മേഖലയിലാണ്. എന്നാല്‍ നിലവില്‍ റഫയെ മൊത്തമായി ഇല്ലാതാക്കാനാണ് ഇസ്രഈല്‍ പദ്ധതിയൊരുക്കുന്നത്.
ഇസ്രഈലിന്റെ ആക്രമണം തടയുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി അടിയന്തരമായി യോഗം വിളിച്ചിച്ചേര്‍ത്തു. ഇസ്രഈലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനം ഒരു ദുരന്തമായി മാറുന്നതിന് മുമ്പ് സുരക്ഷാ കൗണ്‍സില്‍ വിളിച്ചുകൂട്ടേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്ട്ര സഭ സ്ഥിരീകരിക്കുന്നു.
ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ തകര്‍ക്കുന്നതിനായി റഫയിലെ മുഴുവന്‍ ഫലസ്തീന്‍ പൗരന്മാരെയും കുടിയിറക്കുന്നതിനായുള്ള പദ്ധതി തയ്യാറാക്കണമെന്ന് സൈന്യത്തോട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു.
അതേസമയം ആളുകള്‍ തിങ്ങിപാര്‍ക്കുന്നതും ഡസന്‍ കണക്കിന് അഭയാര്‍ത്ഥി ക്യാമ്പുകളുമുള്ള റഫയില്‍ ആക്രമണം നടത്തുന്നത് വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.
600,000ത്തിലധികം കുട്ടികള്‍ നഗരത്തില്‍ ആക്രമണത്തിന്റെ വക്കിലിരിക്കെ റഫയ്ക്കെതിരായ അതിക്രമം വിനാശകരമാകുമെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
‘ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അഭയം നല്‍കുന്ന പ്രദേശത്ത് ആസൂത്രണമില്ലാതെ ഇപ്പോള്‍ ഇത്തരമൊരു ഓപ്പറേഷന്‍ നടത്തുന്നത് ഒരു ദുരന്തമായിരിക്കും,’ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെ തങ്ങള്‍ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 27,947 ആയി വര്‍ധിച്ചുവെന്നും 67,400 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 107 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Saudi Arabia has warned against Israel’s plan to completely destroy the city of Rafah