| Tuesday, 9th January 2024, 10:57 pm

ഇസ്രഈലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധത്തിന് ശേഷം ഇസ്രഈലി സര്‍ക്കാരുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ. ബ്രിട്ടനിലെ സൗദി അറേബ്യന്‍ അംബാസിഡറായ ഖാലിദ് ബിന്‍ ബന്ദര്‍ ബി.ബി.സിക്ക് നല്‍കിയ പ്രതികരണത്തിലാണ് ഇസ്രഈലുമായുള്ള ബന്ധം നിലനിര്‍ത്താന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.

സാധാരണവത്ക്കരണത്തിനുള്ള ഏതൊരു കരാറും നയിക്കുന്നത് സ്വതന്ത്ര ഫലസ്തീന്‍ എന്ന രാഷ്ട്രത്തിന്റെ രൂപീകരണത്തിലേക്കാണെന്ന് ബിന്‍ ബന്ദര്‍ പറഞ്ഞു. ഇസ്രഈലും സൗദി അറേബ്യയും തമ്മിലുള്ള കരാര്‍ ഒക്ടോബര്‍ 7ന് മുമ്പേ അവസാനിപ്പിച്ചിരുന്നതായി ബിന്‍ ബന്ദര്‍ ചൂണ്ടിക്കാട്ടിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലുമായുള്ള തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ ഫലസ്തീന്‍ ജനതക്ക് അമിത ഭാരങ്ങള്‍ ഒന്നുംതന്നെ നേരിടേണ്ടി വരില്ലെന്നും ബന്ദര്‍ പറഞ്ഞു. നിലവിലെ ഇസ്രഈല്‍ സര്‍ക്കാരുമായുള്ള തങ്ങളുടെ പ്രശ്‌നങ്ങള്‍ തീവ്രവും സമ്പൂര്‍ണവുമാണെന്നും ബന്ദര്‍ ചൂണ്ടിക്കാട്ടി. അത്തരം വിഷയങ്ങള്‍ നിലനില്‍ക്കവേ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തില്‍ വിട്ടുവീഴ്ചകള്‍ വരുത്താന്‍ ആഗ്രഹമില്ലെന്നും ബന്ദര്‍ പറഞ്ഞു.

ഇസ്രഈല്‍ – ഫലസ്തീന്‍ യുദ്ധത്തില്‍ ഇരുപക്ഷത്തുള്ളവരും നടത്തിയ ആക്രമണങ്ങള്‍ തീവ്രമാണെന്നും അതിക്രമങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം പരിതാപകരമാണെന്നും തന്റെ ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരു അവസ്ഥ നേരിട്ടിട്ടില്ലെന്നും സൗദി അംബാസിഡര്‍ വ്യക്തമാക്കി.

അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമോ എന്ന് താന്‍ ഭയപെടുന്നുവെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 23,210 ആയി വര്‍ധിച്ചുവെന്നും 59,167 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 126 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Saudi Arabia has expressed interest in restoring relations with Israel

We use cookies to give you the best possible experience. Learn more