| Friday, 2nd August 2024, 12:00 pm

2034ലെ ലോകകപ്പിനായി സ്റ്റേഡിയമൊരുക്കാന്‍ സൗദി; ബിഡ് ചെയ്യുന്ന ആദ്യ രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: 2034 ഫിഫ ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കാന്‍ തീരുമാനിച്ച് സൗദി അറേബ്യ. 2034ലെ ടൂര്‍ണമെന്റിനെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ടാണ് സൗദിയുടെ തീരുമാനം. സൗദിയിലെ ക്ളിഫ് എഡ്ജിന്റെ സമീപത്തായാണ് സ്റ്റേഡിയം നിര്‍മിക്കുക. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബിഡ് ചെയ്യുന്ന ആദ്യ രാജ്യം കൂടിയാണ് സൗദി അറേബ്യ.

170 കിലോമീറ്റര്‍ നേര്‍രേഖയിലുള്ള നഗരത്തിനുള്ളില്‍ ഭൂനിരപ്പില്‍ നിന്ന് 350 മീറ്റര്‍ ഉയരത്തിലായിരിക്കും സ്റ്റേഡിയം പണിയുക. റിയാദ്, ജിദ്ദ, അല്‍-ഖോബാര്‍, അബ, നിര്‍മിച്ചുകൊണ്ടിരിക്കുന്ന മെഗാസിറ്റി നിയോം എന്നീ അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് മത്സരം നടക്കുകയെന്ന് സൗദി പറയുന്നു.

15 സ്റ്റേഡിയങ്ങളില്‍ എട്ടെണ്ണം സൗദി തലസ്ഥാനമായ റിയാദിലാണ്. ജിദ്ദയില്‍ നാലെണ്ണവും അല്‍-ഖോബാര്‍, അബ, നിയോം എന്നിവിടങ്ങളില്‍ ഓരോ സ്റ്റേഡിയം വീതവും ഉണ്ടാകും. സൗദി സൂചിപ്പിച്ചിട്ടുള്ള സ്റ്റേഡിയങ്ങളില്‍ നാലെണ്ണം മാത്രമേ രാജ്യത്ത് നിലവിലുള്ളു. ബാക്കിയുള്ള 11 സ്റ്റേഡിയങ്ങള്‍ ഭാവിയില്‍ പണിയുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മെഗാസിറ്റിക്കുള്ളിലാണ് നിയോം സ്റ്റേഡിയം നിര്‍മിക്കുന്നത്. കാറ്റ്, സോളാര്‍ എന്നിവയുടെ സഹായത്താലാണ് സ്റ്റേഡിയം പ്രവര്‍ത്തിക്കുക. 2034ലെ ടൂര്‍ണമെന്റിന് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം പരിസ്ഥിതി ആഘാതങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യവും തങ്ങളുടെ പദ്ധതിക്ക് പിന്നിലുണ്ടെന്ന് സൗദി പറയുന്നു.

ഇതിനുപുറമെ സൗദി കിരീടാവകാശിയുടെ പേരിലുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയവും റിയാദിലെ തുവൈഖ് പാറക്കെട്ടുകള്‍ക്ക് സമീപത്തായി നിര്‍മിക്കും. തിളങ്ങുന്ന ലോഹങ്ങളും ഇറിഡസെന്റ് ഗ്ലാസും ഉപയോഗിച്ചായിരിക്കും സ്റ്റേഡിയങ്ങള്‍ പണിയുക.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യു.എസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും സൗദിയിലേത്. 2026 ഫിഫ ലോകകപ്പ് യു.എസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ 16 നഗരങ്ങളിലായാണ് നടക്കുക.

Content Highlight: Saudi Arabia has decided to prepare the stadium for the 2034 FIFA World Cup

Latest Stories

We use cookies to give you the best possible experience. Learn more