റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മില്‍ തുടരുന്ന നയതന്ത്ര പ്രതിസന്ധി രൂക്ഷമാവുന്നു. കാനഡയില്‍ നിന്ന് വൈദ്യസേവനം സ്വീകരിക്കുന്നതില്‍ നിന്ന് രാജ്യത്തെ പൗരന്മാരെ വിലക്കിയാണ് സൗദി അറേബ്യ നിലപാട് കടുപ്പിച്ചത്.
കാനഡയിലെ ആശുപത്രികളില്‍ ചികിത്സയിലുള്ള എല്ലാ സൗദി പൗരന്മാരെയും ഉടന്‍ തന്നെ കാനഡയ്ക്ക് പുറത്തേക്ക് മാറ്റുമെന്നും സൗദി പ്രസ് ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. എത്ര സൗദി രോഗികളെ പുതിയ നിലപാട് ബാധിക്കുമെന്ന് ഇതുവരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്ത് വിട്ടിട്ടില്ല.
സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കാനഡ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സൗദി അറേബ്യ തങ്ങളുടെ രാജ്യത്ത് നിന്ന് കാനേഡിയന്‍ അംബാസിഡറെ പുറത്താക്കിയിരുന്നു. ട്വീറ്റ് തിരുത്താന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കാനഡയിലേക്കുള്ള വിമാന സര്‍വീസുകളും സൗദി നിര്‍ത്തിവച്ചിരുന്നു.
സമര്‍ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തിരുന്നു.
നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ സൗദി നടപടിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്നും സൗദി നടപടിയോട് കാനഡയുടെ വിദേശകാര്യ മന്ത്രി ക്രിസറ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചു.
വുമണ്‍ ആക്ടിവിസ്റ്റുകളടക്കം 15 പേരെ സൗദി അന്യായമായി തടങ്കലില്‍വെച്ചതായി ചൊവ്വാഴ്ച യു.എന്‍ പറഞ്ഞിരുന്നു. എട്ടുപേരെ വിട്ടയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ എവിടെയാണന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല.