ന്യൂദല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) പ്രത്യേക യോഗം ചേരുന്നു. നയതന്ത്ര തലത്തില്‍ ഇന്ത്യക്കു തിരിച്ചടിയാകുന്ന നീക്കത്തിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത് സൗദി അറേബ്യയാണ്.
ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തെക്കുറിച്ച് പാക് സന്ദര്‍ശനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദാണ് അറിയിച്ചത്. എന്നാല്‍ സൗദിയില്‍ നടക്കുന്ന യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
57 രാജ്യങ്ങളാണ് ഒ.ഐ.സിയില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് ഡിസംബര്‍ 22-ന് ഒ.ഐ.സി പ്രസ്താവന നടത്തിയിരുന്നു.
പൗരത്വ വിഷയം, ബാബ്‌റി മസ്ജിദ് തുടങ്ങിയ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഒരാഴ്ച മുന്‍പ് മലേഷ്യയില്‍ നടന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ യോഗത്തില്‍ പാക്കിസ്ഥാന്‍ പങ്കെടുക്കരുതെന്ന് സൗദി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീര്‍ വിഷയത്തില്‍ ഒ.ഐ.സി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ഏറെ നാളായുള്ള ആവശ്യം സൗദി അംഗീകരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മലേഷ്യയില്‍ നടന്ന യോഗത്തില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യോഗത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പിന്തുണച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതില്‍ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിക്കുകയുമുണ്ടായി.