| Saturday, 18th February 2023, 7:36 pm

ഹമാസ് ബന്ധം ആരോപിച്ച് തടവിലാക്കിയ ഫലസ്തീനികളായ അച്ഛനെയും മകനെയും മോചിപ്പിച്ച് സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ഫലസ്തീനിലെ ഹമാസുമായി ബന്ധമുണ്ടെന്നാരോപിച്ച് തടവിലാക്കിയ രണ്ട് ഫലസ്തീൻ പൗരൻമാരെ മോചിപ്പിച്ച് സൗദി.
കഴിഞ്ഞ ബുധനാഴ്ചയാണ് സുലൈമാൻ ഹദ്ദാദ്, അദ്ദേഹത്തിന്റെ മകൻ യഹിയ ഹദ്ദാദ് എന്നിവരെ സൗദി അധികൃതർ ജയിലിൽ നിന്നും മോചിപ്പിച്ച് തുർക്കിയിലേക്ക് നാട് കടത്തിയത്.

മാൻ ന്യൂസ്‌ ഏജൻസി, മിഡിൽ ഈസ്റ്റ്‌ ഐ എന്നീ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സുലൈമാൻ ഹദ്ദാദ്, യഹിയ ഹദ്ദാദ് എന്നിവരടക്കം ഏകദേശം 69 ഫലസ്തീൻ, ജോർദാനിയൻ പൗരൻമാരെ സൗദി അറേബ്യ 2019ൽ അറസ്റ്റ് ചെയ്തിരുന്നു.

2020ൽ തീവ്രവാദ സംഘടനകളുമായി ബന്ധമാരോപിച്ച് പിടിക്കപ്പെട്ട വിദേശ പൗരൻമാരെ സൗദി കൂട്ട വിചാരണക്ക് വിധിക്കുകയും ആരോപിക്കപ്പെട്ട കുറ്റങ്ങളുടെ കാഠിന്യമനുസരിച്ച് ഇവർക്ക് ആറ് മാസം മുതൽ 22 വർഷം വരെ വിവിധ കാലാവധികളിലുള്ള തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

യഹിയയെയും സുലൈമാനെയും മോചിപ്പിച്ചതിൽ സൗദിക്ക് നന്ദി അറിയിച്ച് ഹമാസ് അധികൃതരും രംഗത്തെത്തി.


ഹമാസിന്റെ രാഷ്ട്രീയമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇസ്സത്ത്‌-അൽ-റാഷ്ക്കാണ് ഫലസ്തീനികളെ വിട്ടയച്ചതിൽ ട്വിറ്ററിലൂടെ സൗദി അധികൃതർക്ക് നന്ദിയറിയച്ചത്. കൂടാതെ ശരിയായ പാത യിലേക്കുള്ള കടന്ന് വരവായും സൗദിയുടെ ഈ തീരുമാനത്തെ ഇസ്സത്ത്‌-അൽ-റാഷ്ക്ക് വിശേഷിപ്പിച്ചത്.

“ഈ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മറ്റ് ഫലസ്തീനികൾ കൂടി ഉടൻ മോചിപ്പിക്കപ്പെടട്ടെ,’ ഇസ്സത്ത്‌ ട്വീറ്റ് ചെയ്തു.

കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്ത വിവിധ തീവ്രവാദ ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നവർ എന്ന് ആരോപിച്ച് ഫലസ്തീൻ, ഇസ്രഈൽ സ്വദേശികളടക്കം നിരവധി വിദേശികളെ സൗദി കസ്റ്റഡിയിലെടുത്തതായി നേരത്തെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights:Saudi Arabia frees two Palestinians jailed for alleged links to Hamas

We use cookies to give you the best possible experience. Learn more