| Saturday, 27th February 2016, 10:36 pm

ഹിസ്ബുല്ല ബന്ധം; നാല് ലബനീസ് കമ്പനികളെ സൗദി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്:  നാല് ലബനീസ് കമ്പനികളെ സൗദി അറേബ്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരവധി ലബനന്‍ പൗരന്‍മാരോടും രാജ്യം വിട്ടു പോവാന്‍ സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയില്‍ ജീവനക്കാരാണ് ഇവര്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിസ്ബുല്ലക്കെതിരെ ശക്തമായി പോരാടുമെന്ന് സൗദി അഭ്യന്തരമന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

യമനിലും സിറിയയിലും സൗദി സഖ്യസേനയുടെ എതിര്‍പക്ഷത്താണ് ശിയാ വിഭാഗമായ ഹിസ്ബുല്ല. സിറിയയില്‍ അസദിന്റെ കൂടെയും യമനില്‍ ഹൂതി വിമതര്‍ക്കൊപ്പവുമാണ് ഹിസ്ബുല്ല.ലബനന്‍ സര്‍ക്കാര്‍ ഇറാന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ലബനീസ് സൈന്യത്തിനുള്ള 3 ബില്ല്യണ്‍ ഡോളറിന്റെ സഹായം സൗദി ഉപേക്ഷിച്ചിരുന്നു.

ഹിസ്ബുല്ലയെ നിയന്ത്രിക്കണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ കഴിഞ്ഞ ദിവസം ലബനാനോട് ആവശ്യപ്പെട്ടിരുന്നു. ലബനാനില്‍ തങ്ങരുതെന്ന് സൗദി തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സൗദിയുടെ തീരുമാനത്തെ പിന്തുണച്ച് യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങളും രംഗത്ത് എത്തിയിരുന്നു. ഇസിസും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയെ പോലുള്ള സൈനിക വിഭാഗങ്ങളും ഒരു പോലെയാണെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more