റിയാദ്: കാനഡയുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിഛേദിക്കാനുറച്ച് സൗദി. രാജ്യത്തെ കനേഡിയന്‍ അംബാസഡറെ പുറത്താക്കുന്നതായും കാനഡയിലെ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതായുമാണ് സൗദി ഭരണകൂടം പ്രസ്താവിച്ചിരിക്കുന്നത്. സൗദിയില്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള ആക്ടിവിസ്റ്റുകളെ വിട്ടയയ്ക്കണമെന്ന കാനഡയുടെ നിര്‍ബന്ധത്തോടുള്ള പ്രതികരണമായാണ് ഈ നടപടി.
കാനഡയുമായുള്ള പുതിയ കച്ചവടബന്ധങ്ങളെല്ലാം ഉപേക്ഷിക്കുന്നതായി അറിയിച്ച സൗദി, കനേഡിയന്‍ അംബാസഡര്‍ക്ക് രാജ്യം വിട്ടു പോകാന്‍ 24 മണിക്കൂര്‍ നല്‍കിയിട്ടുമുണ്ട്. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടാന്‍ കാനഡ ശ്രമിക്കുന്നുവെന്നതാണ് നടപടിക്കു നല്‍കുന്ന വിശദീകരണം.
സൗദി അറേബ്യ തടവിലാക്കിയിട്ടുള്ള എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉടന്‍ തന്നെ സ്വതന്ത്രരാക്കണമെന്ന് കാനഡ നിരന്തരം ആവശ്യപ്പെട്ടിരുന്നു. രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ വിദ്വേഷകരമായ വിദേശനയത്തിന്റെ വെളിപ്പെടുത്തലായാണ് സൗദിയുടെ നടപടി വിലയിരുത്തപ്പെടുന്നത്.
Also Read: സിഖ് വിഘടനവാദികളുടെ പരിപാടി തടയണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യു.കെ
“കാനഡയുടെ നിലപാട് സൗദി അറേബ്യയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള പരസ്യമായ ഇടപെടലായാണ് രാജ്യം കാണുന്നത്. പുനര്‍വിചിന്തനത്തിനായി കാനഡയിലെ സ്ഥാനപതിയെ സൗദി തിരിച്ചുവിളിക്കുകയാണ്. അതോടൊപ്പം, കനേഡിയന്‍ സ്ഥാനപതിയെ ഭരണകൂടത്തിന് അസ്വീകാര്യനായ വ്യക്തിയായി കണക്കാക്കുകയും, അദ്ദേഹത്തിന് രാജ്യം വിട്ടു പോകാന്‍ 24 മണിക്കൂര്‍ സമയമനുവദിക്കുകയും ചെയ്യുന്നു.” സൗദി വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് സൗദിയില്‍ നടക്കുന്ന അറസ്റ്റുകളില്‍ തങ്ങള്‍ക്കുള്ള ആശങ്ക കാനഡ വെളിവാക്കുന്നത്. ലിംഗനീതിയ്ക്കായി പ്രവര്‍ത്തിക്കുന്ന സമര്‍ ബദാവിയടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും സ്ത്രീ അവകാശ പ്രവര്‍ത്തകരെയും രാജ്യത്ത് പരക്കെ അറസ്റ്റു ചെയ്തിരുന്നു. ഇവരെയെല്ലാം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് കാനഡ വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റും ചെയ്തിരുന്നു.
കാനഡയുടെ പ്രസ്താവനയിലുള്ള അമര്‍ഷം സൗദിയും തുറന്നു പ്രകടിപ്പിച്ചിരുന്നു. “ഉടന്‍ വിട്ടയയ്ക്കണ”മെന്ന ആവശ്യം ദൗര്‍ഭാഗ്യകരമാണെന്നും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അനുവദിക്കാന്‍ സാധിക്കാത്തതാണെന്നുമായിരുന്നു സൗദിയുടെ വാദം.
സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള നിയന്ത്രണം എടുത്തുകളയുന്നതടക്കമുള്ള പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഭരണാധികാരിയാണ് സല്‍മാന്‍ രാജകുമാരനെങ്കിലും, അധികാരത്തിന്മേലുള്ള അവകാശം ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളും വിദേശകാര്യ നയത്തിലെ കടുംപിടിത്തവും പലതവണ ചര്‍ച്ചയായിട്ടുണ്ട്.
ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിമര്‍ശനങ്ങളും സ്വീകരിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ തയ്യാറല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകനായ ക്രിസ്റ്റ്യന്‍ അള്‍റിച്ച്‌സന്‍ പറയുന്നു.