റിയാദ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നല്ല രീതിയിൽ മുന്നോട്ട് പോകാനാകുമെന്നും ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നതായി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി. അതേസമയം ഇറാനുമായുള്ള ആണവകരാറ് സംബന്ധിച്ച് ചർച്ചകൾ വേണ്ടിവന്നേക്കാമെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു.
”ഞാൻ ശുഭാപ്തി വിശ്വാസമുള്ളയാളാണ്. വ്യത്യസ്ത ഭരണകൂടങ്ങളുമായി ദൃഢവും ചരിത്രപരവുമായ ബന്ധം നിലനിർത്താൻ സൗദി അറേബ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഞങ്ങൾ അത് തന്നെ ചെയ്യും. ജോ ബൈഡന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല,” അദ്ദേഹം പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നത്തിലും യെമൻ വിഷയത്തിലും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു.
ഇറാനുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗദി വാഷിംഗ്ടണ്ണുമായി ചർച്ച ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015ലെ ജെ.പി.സി.ഒ.എ ആണവകരാറിൽ നിന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2018ൽ പിൻവാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇറാനുമേൽ ട്രംപ് ഉപരോധവും ഏർപ്പെടുത്തിയിരുന്നു.
ഇറാന്റെ ആണവപദ്ധതിക്ക് ശക്തമായ മേൽനോട്ടം ഉറപ്പാക്കുന്ന വിധത്തിലുള്ള ഒരു ധാരണയിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ആണവകരാർ വിഷയത്തിലും സൗദി മുൻനിലപാടിൽ നിന്നും പിന്നോട്ട് പോയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണ് ബൈഡൻ അധികാരത്തിൽ ഏറിയതിന് പിന്നാലെ സൗദി വിദേശകാര്യമന്ത്രി നടത്തിയത്.
ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പുറത്തുപോകുന്നതിൽ ഡൊണാൾഡ് ട്രംപിന് സൗദിയും ഗൾഫ് സഖ്യകക്ഷികളും പൂർണ പിന്തുണ നൽകുകയും തീരുമാനത്തെ പിന്താങ്ങുകയും ചെയ്തിരുന്നു. ഇസ്രഈലുമായുള്ള സമാധാനകരാർ നടപ്പിലാക്കുന്നത് ഉപാധികളോടെ മാത്രമായിരിക്കുമെന്ന രാജ്യത്തിന്റെ നിലപാടും സൗദി ആവർത്തിച്ചു.
ജോ ബൈഡൻ അധികാരത്തിലെത്തിയാൽ ഇറാനുമായുള്ള ആണവകരാറിലേക്ക് തിരികെയെത്തുമെന്ന സൂചന നേരത്തെ ഒരു അഭിമുഖത്തിൽ അദ്ദേഹം നൽകിയിരുന്നു. ഒരു ഒപ്പിട്ടാൽ മതി അമേരിക്കയ്ക്ക് ആണവകരാറിലേക്ക് മടങ്ങിയെത്താമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയും വ്യക്തമാക്കിയിരുന്നു.