റിയാദ്: 2024ല്‍ സൗദി അറേബ്യ 100 വിദേശികളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. ഇത് 2023, 2022 എന്നീ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്ന് ഇരട്ടി വര്‍ധനവാണ്. സൗദി സ്റ്റേറ്റ് മീഡിയയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
പാകിസ്ഥാനില്‍ നിന്ന് 21, യെമനില്‍ നിന്ന് 20, സിറിയയില്‍ നിന്ന് 14, നൈജീരിയയില്‍ നിന്ന് 10, ഈജിപ്തില്‍ നിന്ന് ഒമ്പത്, ജോര്‍ദാനില്‍ നിന്ന് എട്ട്, എത്യോപ്യയില്‍ നിന്ന് ഏഴ് പേരുമാണ് സൗദിയില്‍ വധശിക്ഷയ്ക്ക് ഇരയായത്.
കൂടാതെ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും വധശിക്ഷയ്ക്കിരയായി. ഫിലിപ്പീന്‍സ്, ശ്രീലങ്ക, എറിത്രിയ എന്നീ രാജ്യങ്ങളിലെ ഓരോരുത്തര്‍ വീതവും വധശിക്ഷയ്ക്ക് ഇരയായിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൗദിയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷയ്ക്ക് ഇരയായത് 2024ലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
രാജ്യത്തെ ആക്ടിവിസ്റ്റുകളെ അടിച്ചമര്‍ത്താനുള്ള നിയമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗദി രൂപം കൊടുത്തതായും അവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് എന്നീ പുതിയ രണ്ട് ബോഡികളാണ് ഇതിനായി സൗദി സ്ഥാപിച്ചത്.
തീവ്രവാദ വിരുദ്ധ നിയമം അംഗീകരിച്ചത് ഉള്‍പ്പെടെയുള്ള നടപടികള്‍ സൗദി സ്വീകരിച്ചിരുന്നു. എന്നാല്‍ സൗദിയുടെ തീരുമാനം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടുത്ത നിയന്ത്രമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
സൗദിയുടെ പുതിയ കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റത്തിന് ശേഷമാണ് രാജ്യത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള അടിച്ചമര്‍ത്തല്‍ വര്‍ധിച്ചതെന്നും സംഘടനകള്‍ പറയുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ സൗദിയില്‍ പിടിയിലാകുന്നവരെ വധശിക്ഷയ്ക്ക് വിധിക്കുന്നതെന്നും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് കേസുകളില്‍ കുറ്റവാളികളായ 92 പേരുടെ വധിശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 2017 ജൂണ്‍ 21നും 2024 ഒക്ടോബര്‍ ഒമ്പതിനും ഇടയിലായി 1,115 വധശിക്ഷകള്‍ സൗദി നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്തിയതിന് സൗദി ഒരു യെമന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ഔദ്യോഗിക പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സൗദിയിലെ 2024ലെ വധശിക്ഷ നിരക്ക് 101 ആയി വര്‍ധിക്കുകയും ചെയ്തു.
Content Highlight: Saudi Arabia executed 100 foreigners in 2024; Report